932.69 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി

post

തിരുവനന്തപുരം :  932.69 കോടി രൂപയുടെ പത്ത് പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന കിഫ്ബി യോഗം ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികള്‍ക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 144.23 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും അനുമതിയായിരുന്നു.

ജലവകുപ്പിന് കീഴില്‍ ചെല്ലാനത്ത് തകര്‍ന്ന കടല്‍ഭിത്തി നവീകരണത്തിനും തീരദേശ സംരക്ഷണത്തിനു വേണ്ടിയുള്ള പുലിമുട്ടിനുമുള്ള പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ആശുപത്രികളില്‍ പത്ത് കിടക്കകളോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കും യോഗത്തില്‍ അനുമതിയായിട്ടുണ്ട്. ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്ട്രെച്ചുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ 1395.01 കോടി രൂപയുടെ അംഗീകാരവും നല്‍കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസത്തിനായി 10.77 കോടിയുടെയും ആരോഗ്യ രംഗത്ത് 236.43 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പില്‍ 103.43 കോടിയുടെയും ജലവിഭവ വകുപ്പില്‍ 374.23 കോടിയുടെയും കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷനായി 247.20 കോടിയുടെയും തദ്ദേശസ്വയംഭരണ വകുപ്പില്‍ 47.92 കോടിയുടെയും ഫിഷറീസില്‍ 57.06 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോവളം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാല്‍ ഗതാഗത യോഗ്യമാക്കി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോവളം  ആക്കുളം, വേളി  കഠിനംകുളം, വര്‍ക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും അംഗീകരിച്ചു. കോട്ടയം നാലുകോടി, തൃശൂര്‍ നെല്ലായി, തിരുവനന്തപുരം വെണ്‍കുളം എന്നിവിടങ്ങളില്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കാനും അനുമതി നല്‍കി.

ആകെ അംഗീകാരം നല്‍കിയ പദ്ധതികളില്‍ 23,845.14 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും 21176.35 കോടിയുടെ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.