ആദിവാസികള്‍ക്ക് ഓണക്കിറ്റ്: ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഊരുകളില്‍ സ്പെഷ്യല്‍ ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യവും നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വിതുര പൊടിയകാല ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കിറ്റുകള്‍ വിതരണം ചെയ്തു.

ഉള്‍പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് വാഹന സൗകര്യവും മറ്റുമില്ലാത്തതിനാല്‍ നേരിട്ടെത്തി യഥാസമയം റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമനസിലാക്കിയാണ് ഓണക്കിറ്റും ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും സഞ്ചരിക്കുന്ന റേഷന്‍കടകളിലൂടെ നേരിട്ട് എത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഓണത്തിനു മുമ്പ് തന്നെ എല്ലാവര്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ 30ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഓണക്കിറ്റ് വാങ്ങിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ വിതരണം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. റേഷന്‍ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മൈനസ് ബില്ലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.