കോവിഡിന് എതിരേ ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കണം; മന്ത്രി വീണാ ജോര്‍ജ്

post

പത്തനംതിട്ട: രണ്ടാം തരംഗത്തിലൂടെ നാം കടന്നു പോകുന്ന ഈ ഘട്ടത്തില്‍ കോവിഡിനെതിരെ ഏറ്റവും ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭാരതത്തിന്റെ 75ാമത്‌ സ്വാതന്ത്ര്യദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കോവിഡിനെ ജയിക്കുവാന്‍ നാമോരോരുത്തരും പോരാളികളാകണം. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോവിഡില്‍ നിന്നും സ്വതന്ത്രരാകാനുള്ള പോരാട്ടം നാം നടത്തുകയാണ്. അന്‍പത് ശതമാനത്തിലധികം ആളുകള്‍ കോവിഡ് രോഗികളാകാത്ത കേരളത്തില്‍ ഈ പോരാട്ടം ഏറ്റവും വിജയകരമായി നടപ്പാക്കാന്‍ കഴിയുക വാക്‌സിനേഷനിലൂടെയാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും അതുകൊണ്ട് കേരളത്തിലുടനീളം വാക്‌സിനേഷന്‍ പ്രക്രിയ തുടരുകയാണ്.

ആരോഗ്യത്തോടെയുള്ള ഓണം നമുക്ക് ഉറപ്പാക്കാം. കോവിഡ് മുക്ത കാലത്തിന് നമുക്ക് വേണ്ടത് ജാഗ്രതയും സ്വയം പ്രതിരോധവുമാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആരോഗ്യം സംരക്ഷിക്കാന്‍ ജാഗ്രതയോടെയാകട്ടെ ഇത്തവണത്തെ ഓണം.

മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. കോവിഡ് 19 മഹാമാരിക്ക് കാരണമാകുന്ന കൊറോണ വൈറസിനെ തുരത്തിയോടിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. ഏറ്റവും അധികം ജനസാന്ദ്രതയുള്ള കേരളം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ മികവ് പുലര്‍ത്തി രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നാണ് ഐസിഎംആറിന്റെ സീറോ സര്‍വലന്‍സ് പഠനം വ്യക്തമാക്കുന്നത്. കോവിഡിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും, പോലീസ് ഉദ്യോഗസ്ഥരെയും, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരേയും അധ്യാപകരെയും, വോളണ്ടിയേഴ്‌സിനെയും, മറ്റെല്ലാ പ്രവര്‍ത്തകരെയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നു.

അവധിയെടുക്കാതെ കോവിഡിനെതിരെ കര്‍മനിരതരായിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും ഒപ്പമാകട്ടെ നമ്മുടെ മനസ്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ അതിശക്തമായ നിയമ നടപടി ഉണ്ടാകും. ആശുപത്രികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

 കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കട്ടെ. മൂന്നാം തരംഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ സ്ഥാപിക്കപ്പെടുന്ന ഓക്‌സിജന്‍ പ്ലാന്റുകളിലൂടെ 8500 മെട്രിക് ടണ്‍ അധികം ഓക്‌സിജന്‍ ഉത്പാദനം ഉറപ്പാക്കിയിട്ടുണ്ട്. പീഡിയാട്രിക് ഐസിയു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. കോന്നി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും നിര്‍മാണം ആരംഭിക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും നമുക്ക് മാറ്റിവയ്ക്കാം. രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ നമുക്ക് ഒരുമിച്ച് നേരിടാം. ഈ പോരാട്ടം വരും തലമുറകള്‍ക്ക് കൂടിയുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ കൂടെയുണ്ട്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കുവാനുള്ള അപലപനീയമായ ശ്രമങ്ങള്‍ ഉണ്ടാകുന്ന കാലഘട്ടത്തിലാണ് രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സമഭാവനയുള്ള സാമൂഹിക ജീവിതാവസ്ഥ തകര്‍ത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഉണ്ടാകുന്നു. നാം ജാഗരൂകരാകണം. ഇതിനെതിരെ ഒന്നിച്ചുള്ള ചെറുത്ത് നില്‍പ് ആവശ്യമാണ്. രാജ്യത്തിന്റെ ഫെഡറല്‍ അധികാര ഘടന ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുമ്പോഴും ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കേരളം രാജ്യത്ത് മാതൃകയാകുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇന്ധന വില വര്‍ധനയും പകര്‍ച്ചവ്യാധിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയെങ്കിലും ബദല്‍ നയങ്ങളിലൂടെ ജനങ്ങളെ ചേര്‍ത്തുപിടിച്ചു കൊണ്ടാണ് കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി ജനങ്ങള്‍ തെരഞ്ഞെടുത്ത രണ്ടാം പിണറായി സര്‍ക്കാരും മുന്നോട്ട് പോകുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെല്ലാം സുസ്ഥിര വികസന സൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ കേരളം.

സംസ്‌കാരം, ഭാഷ, ഭൂമിശാസ്ത്രം, മതവിശ്വാസം, കല, സംഗീതം, തുടങ്ങിയ എല്ലാ തലങ്ങളിലും വൈവിധ്യങ്ങളുടെ കലവറയായ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും അടിത്തറ ഇന്ത്യയുടെ ഭരണഘടനയാണ്. ഓരോ പൗരന്റെയും സ്വാതന്ത്ര്യ പ്രഖ്യാപന രേഖ കൂടിയാണ് ഇന്ത്യയുടെ ഭരണഘടന. സമത്വം, സ്വാതന്ത്ര്യം, ചൂഷണങ്ങള്‍ക്കെതിരെ അവകാശം, മത സ്വാതന്ത്ര്യം, സാസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ഏറ്റവും അമൂല്യമായ സ്വത്ത്. ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം എന്നത് സ്വാതന്ത്ര്യ ദിനത്തിന്റെ ആഹ്വാനമാണ്.

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുള്‍പ്പെടെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ത്യാഗോജ്ജ്വലവും തീക്ഷ്ണവുമായ സമര പോരാട്ടങ്ങളുടേയും ഫലമാണ് രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം. അവരുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ നമുക്ക് ശിരസ് നമിക്കാം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ജീവന്‍ അര്‍പ്പിക്കേണ്ടി വന്ന രക്തസാക്ഷികളെ നമുക്ക് അനുസ്മരിക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതികൂല അവസ്ഥകളില്‍ അതിര്‍ത്തി കാക്കുന്ന ധീരജവാന്‍മാരോട് നമുക്ക് ആദരവ് അറിയിക്കാം. രാജ്യത്തിനായി വീര ചരമം പ്രാപിച്ച സൈനികരുടെ സ്മരണ നമ്മിലൂടെ ഉജ്ജ്വലമാകട്ടെ.

നൂറ്റാണ്ടിലെ മഹാ പ്രളയത്തെ നിര്‍ഭയം ഒരുമിച്ച് നേരിട്ട ചരിത്രമാണ് പത്തനംതിട്ടയ്ക്കുള്ളത്. പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ തുടങ്ങിയ നദികളാലും നീര്‍ച്ചാലുകളായും സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ. നായര്‍ സാറിനെ ആദരപൂര്‍വം ഓര്‍ക്കുന്നു. തീര്‍ഥാടക ജില്ല കൂടിയായ പത്തനംതിട്ട മതസാഹോദര്യത്തിന്റെ നാട് കൂടിയാണ്. മണ്ണിനെ പൊന്നണിയിക്കുന്ന മലയോര കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, ആദിവാസികള്‍, നാടിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുന്ന പ്രവാസി മലയാളികള്‍ - ജില്ലയുടെ സമ്പത്ത് ജനങ്ങളാണ്. രാജ്യത്തെ ഏറ്റവും ശുദ്ധമായ വായുവും വെള്ളവും പ്രകൃതി സമ്പത്തും നിലനിര്‍ത്തി പ്രകൃതിയുടെയും മനുഷ്യന്റെയും സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന വികസന പദ്ധതികളുമായി മുന്നോട്ട് പോകേണ്ടതുണ്ട്. ആരോഗ്യ- ടൂറിസം രംഗങ്ങളിലെ വികസനം ജില്ലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് പത്തനംതിട്ടയിലെ സ്റ്റേഡിയം നിര്‍മാണത്തിന് സമ്മതപത്രം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ കിഫ്ബി യോഗത്തില്‍ പുതിയ ഡിപിആര്‍ അംഗീകരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ഏറെ പ്രാധാന്യമുള്ള മലയോര മേഖലയുടെയും കോഴഞ്ചേരി പാലത്തിന്റെയും നിര്‍മാണം ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ നൂറുകണക്കിന് കുട്ടികളോടൊപ്പം ഇവിടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വിവിധ പരിപാടികളില്‍ പങ്കുചേര്‍ന്നത് ഞാനോര്‍ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നമുക്ക് സാധ്യമാകുന്നില്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത് പുറംലോക കാഴ്ചകളെ കുറിച്ചും, വിദ്യാലയ മുറികളിലെ പഠനാനുഭവങ്ങളും ബാല്യത്തിന്റെയും കൗമാരത്തിന്റെയും കളിചിരികളുമാണ്. കോവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും വ്യക്തിത്വ വികാസവും വളര്‍ച്ചയും സംബന്ധിച്ച് നമുക്ക് പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഇതിലേക്കായി കൗണ്‍സിലേഴ്‌സിന്റെ ഉള്‍പ്പെടെ സേവനങ്ങള്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ലഭ്യമാക്കുന്നുണ്ട്. സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടെടുക്കുവാനും മാതൃകയാവാനും നമുക്ക് കഴിഞ്ഞു. ലിംഗ സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

രാജ്യം കണ്ട ഏറ്റവും ധീരയും പ്രതിഭാധനയും ആദരണീയയായ മുന്‍ ഗവര്‍ണറും സുപ്രീം കോടതി ജസ്റ്റിസുമായ ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ജന്മനാട് കൂടിയാണ് പത്തനംതിട്ട. സ്ത്രീ ശാക്തീകരണത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും മാതൃകയാകാന്‍ നമുക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.