കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍

post

വില്ലേജ് ഹട്ട് പദ്ധതിയുമായി അഴീക്കോട് പഞ്ചായത്ത്

കണ്ണൂര്‍: കുടുംബശ്രീയെയും ചെറുകിട കച്ചവടക്കാരെയും കോര്‍ത്തിണക്കി വില്ലേജ് ഹട്ട് പദ്ധതിയുമായി അഴീക്കോട് ഗ്രാമപഞ്ചായത്ത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത വിപണി സാധ്യത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ ചെലവിലുള്ള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും പ്രദേശവാസികള്‍ക്ക് വില്ലേജ് ഹട്ട് നല്‍കുക.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 15 സംരംഭക ഗ്രൂപ്പുകളും വ്യക്തിഗത വിഭാഗത്തില്‍ എട്ട് യൂണിറ്റുകളും അഴീക്കോട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇവയുടെ വിപണി സാധ്യത പരിമിതമായ സാഹചര്യത്തിലാണ് അഴീക്കോട് പഞ്ചായത്ത് വില്ലേജ് ഹട്ട് പദ്ധതിയുമായി മുന്നോട്ട് വന്നത്. ചെറിയ തുക മാത്രമാണ് വാടക ഇനത്തില്‍ ഈടാക്കുക. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായൊരു വിപണി സംവിധാനം ഒരുക്കുക വഴി ആളുകള്‍ക്ക് ഗുണമേറിയ ഉല്‍പ്പന്നങ്ങള്‍ ഏത് സമയവും ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടലും ഇവിടെ ആരംഭിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും മിതമായ നിരക്കില്‍ മുറികള്‍ വാടകക്ക് നല്‍കും.

ജൈവക്കൃഷിയിലൂന്നിയ പച്ചക്കറി, അച്ചാര്‍, ജാം, അരവ് മാവ്, പലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വാഷിംഗ് പൗഡര്‍, ലോഷന്‍, തുണിത്തരങ്ങള്‍ എന്നിവയാണ് വിവിധ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പൊതുവിപണിയില്‍ കടകള്‍ക്ക് മാസം രണ്ടായിരം മുതല്‍ ആറായിരം രൂപ വരെയാണ് വാടക നല്‍കേണ്ടത്. ഇത് സാമ്പത്തികപ്രയാസം സൃഷ്ടിക്കുന്നു. വലിയ വാടക കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം പച്ചക്കറികളും മറ്റ് ഉള്‍പ്പന്നങ്ങളും വീടിന് സമീപത്ത് വെച്ച് വില്‍പ്പന നടത്തുന്നവരുമുണ്ട്. വില്ലേജ് ഹട്ട് പദ്ധതി ചെറുകിട സംരംഭകര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും വലിയ ആശ്വാസമാണെന്ന് അഴീക്കോട് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണും വാഷിംഗ് പൗഡര്‍ നിര്‍മ്മാണ സംരംഭകയുമായ സി പി പ്രീത പറഞ്ഞു. പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വെക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

അഴീക്കോട് പഞ്ചായത്തിലെ കല്ലടത്തോടാണ് വില്ലേജ് ഹട്ട് ആരംഭിക്കുന്നത്. പദ്ധതി നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും പലവിധ കാരണങ്ങളാല്‍ മുടങ്ങി. പുതിയ ഭരണസമിതി നിലവില്‍ വന്നതോടെ പ്രഥമ പരിഗണന നല്‍കി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 15 ലക്ഷം രൂപയോളം മുതല്‍മുടക്കിലാണ് പ്രവൃത്തി നടക്കുന്നത്. 14 മുറികളുള്ള ഒറ്റനില കെട്ടിടമാണ് നിലവിലുള്ളത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക് വര്‍ക്കുകളും അനുബന്ധ പ്രവൃത്തികളും ഓവു ചാല്‍ നിര്‍മ്മാണവും അവശേഷിക്കുന്നുണ്ട്. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കി വില്ലേജ് ഹട്ട് തുറന്നുകൊടുക്കും.

വില്ലേജ് ഹട്ട് യാഥാര്‍ഥ്യമായാല്‍ ചെറുകിട സംരംഭകരെ കുടുബശ്രീയിലേക്ക് ആകര്‍ഷിക്കും. പഞ്ചായത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തിലായിരിക്കും ഹട്ടിന്റെ പ്രവര്‍ത്തനം.