വഴയില - പഴകുറ്റി അന്തര്‍ സംസ്ഥാനപാത നിര്‍മ്മാണം പുരോഗമിക്കുന്നു

post

തിരുവനന്തപുരം: തിരുവനന്തപുരം - തെങ്കാശി അന്തര്‍ സംസ്ഥാനപാതയിലെ വഴയില മുതല്‍ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാകുന്നു. നിലവില്‍ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താന്‍ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം മേഖലയ്ക്കും പുറമെ നാടിന്റെ പുരോഗമനവും സാധ്യമാകും. സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ നടപ്പാക്കിയ പബ്ലിക് ഹിയറിംഗില്‍ പൊതുവേ ഉയര്‍ന്നുവന്ന അഭിപ്രായം കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കണമെന്നതായിരുന്നു. കോവിഡ് മൂലം കാലതാമസംനേരിട്ട സാമൂഹികാഘാതപഠന റിപ്പോര്‍ട്ട് ഈയാഴ്ച  സമര്‍പ്പിക്കും.  ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാകുകയും വര്‍ഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതി നിര്‍വഹണം യാഥാര്‍ത്ഥ്യമാകുകയും ചെയ്യും.

കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് പ്രത്യേകമായി നിയോഗിക്കപ്പെട്ട എല്‍ എ തഹസില്‍ദാര്‍ കിഫ്ബി-1 ആണ് മതിയായ നഷ്ടപരിഹാരം നല്‍കി സ്ഥലമേറ്റെടുപ്പ് നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി സ്ഥലമേറ്റെടുക്കല്‍ പദ്ധതി നിര്‍വ്വഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാകും.  279.31 കോടി രൂപ പ്രവൃത്തിക്കും, 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉള്‍പ്പെടെ 338.53 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്. കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രൂപം കൊണ്ട കെ.ആര്‍.എഫ്.ബി.പി.എം.യു (കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്ജെന്റ് യൂണിറ്റ്) ആണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് പദ്ധതി പൂര്‍ത്തീകരണത്തിലൂടെ നടപ്പാക്കുന്നതെന്നും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇതിനെ അട്ടിമറിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നതായും അത്തരം നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും സ്ഥലം എം.എല്‍.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ശ്രീ ജി.ആര്‍ അനില്‍ പറഞ്ഞു.