മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : നാടിന്റെ കലാ സാംസ്‌കാരിക പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറിയും രവിവര്‍മ ചിത്രങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളും പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന പുതിയ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന രാജാരവിവര്‍മയുടെ ചിത്രങ്ങളും സ്‌കെച്ചുകളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി രാസസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറി നിര്‍വഹിക്കും. ഇത്തരത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലബോറട്ടറിയാണിത്. 1.41 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ആര്‍ട്ട് ഗ്യാലറിയിലെ മറ്റു ചിത്രങ്ങളും പുറത്തുള്ള വ്യക്തികളുടെ ചിത്രങ്ങളും ഉള്‍പ്പടെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനം കണ്‍സര്‍വേഷന്‍ ലബോറട്ടറി നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മ്യൂസിയം വകുപ്പിന്റെ പക്കലുള്ള 1100 ലധികം അമൂല്യമായ ചിത്രങ്ങളുടെ സംരക്ഷണത്തിന് ലബോറട്ടറി സഹായകരമാകും. ഫോട്ടോ ഡോക്യുമെന്റേഷന്‍ റൂം, സക്ഷന്‍ ടേബിള്‍, വിവിധ തരം ക്യാമറകള്‍ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.

വി. കെ. പ്രശാന്ത് എം. എല്‍. എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മ്യൂസിയം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികള്‍, മ്യൂസിയം അധികൃതര്‍, വിദഗ്ധ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു