സെപ്റ്റംബര്‍ 14ന് താലൂക്കുകളില്‍ പട്ടയവിതരണം നടത്തും

post

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ നാല് താലൂക്കുകളിലും പട്ടയവിതരണം നടത്തും. കാസര്‍കോട് താലൂക്കിലെ പട്ടയ വിതരണം കളക്ടറേറ്റിലും മഞ്ചേശ്വരം, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പട്ടയവിതരണം അതത് താലൂക്ക് ഓഫീസുകളിലും നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ജില്ലയിലെ എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ വിവിധ താലൂക്കുകളില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക. പരിപാടിക്കായി സംഘാടക സമിതി രൂപികരിക്കും.

കാസര്‍കോട് ജില്ലയില്‍ ആകെ 579 പട്ടയങ്ങള്‍ വിതരണം ചെയ്യും. ലാന്‍ഡ് അസൈന്‍മെന്റ്, മിച്ചഭൂമി, ലാന്‍ഡ് ട്രിബ്യൂണല്‍, ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്യുക. ഇതിന് പുറമെ 2018 വരെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനായി ഫയല്‍ അദാലത്തുകള്‍ നടത്തും. ഒക്ടോബര്‍ മാസം മുതല്‍ കളക്ടറേറ്റില്‍ തുടങ്ങി വില്ലേജ് ഓഫീസുകള്‍ വരെയുള്ള ഫയലുകള്‍ തീര്‍പ്പാക്കും.