മാതൃകാ കര്‍ഷക പുരസ്‌കാരം നേടിയ ഇ.ജെ തോമസിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു

post

ഇടുക്കി : സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന  ബാങ്കിന്റെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം നേടിയ തോപ്രാംകുടി തോമസ് ഇലന്തിമറ്റത്തിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ഇടുക്കി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്. കാര്‍ഷിക പുരസ്‌കാരങ്ങള്‍ കാര്‍ഷിക മേഖലയ്ക്കുള്ള അംഗീകാരംകൂടിയാണെന്ന്  മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കാര്‍ഷിക മേഖലയിലുണ്ടായ കഷ്ട നഷ്ടങ്ങള്‍ വിലയിരുത്തി കാര്‍ഷിക പുനരുജ്ജീവനത്തിന് ഇടുക്കി പാക്കേജില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ നാണ്യവിളകള്‍ക്ക്കൂടി ജലസേചനം ലഭ്യമാകുന്ന പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക വികസന ബാങ്കിന്റെ സംസ്ഥാനത്തെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം   സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തോമസ് ഇ.ജെ ഇലന്തിമറ്റത്തിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.