ഹൈടെക് നിലവാരത്തിലൂടെ അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കും
കൊല്ലം: ഹൈടെക് നിലവാരത്തില്‍ പശ്ചാത്തല സംവിധാനങ്ങളും പരിശീലനങ്ങളും ഒരുക്കി അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യസാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ. ആദിച്ചനലൂര്‍ പഞ്ചായത്തിലെ പ്ലാക്കാട് നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഹൈടെക്ക് അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ അന്‍പതോളം അങ്കണവാടികളെ പൊന്‍കിരണം പദ്ധതിയുടെ ഭാഗമായി ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിവരികയാണ്.
പെരുമാറ്റരീതികള്‍, ഭാഷാവികസനം, അടിസ്ഥാനഗണിതം, അക്ഷരമാല എന്നീ മേഖലകളിലെ പരിശീലനത്തോടൊപ്പം ഫര്‍ണിച്ചറുകള്‍, മ്യൂസിക് സിസ്റ്റം, അക്ക്വേറിയം, പാര്‍ക്ക് എന്നിവയും ഒരുക്കും. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 5.8 ലക്ഷം രൂപയും സാമൂഹ്യനീതി വകുപ്പിന്റെ 8.7 ലക്ഷം രൂപയും വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്ത് ആദ്യമായി ഐ സി ഡി എസ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉള്‍പ്പെടുത്തി ഇത്തിക്കര ബ്ലോക്ക് ഐ സി ഡി എസ് പ്രസിദ്ധീകരിച്ച ഡയറി 2020 ചടങ്ങില്‍ അധ്യക്ഷനായ ജി എസ് ജയലാല്‍ എം എല്‍ എ മന്ത്രിക്ക് കൈമാറി.