സൗരോര്‍ജ്ജ വൈദ്യുതി കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മാറ്റും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

post

ആലപ്പുഴ: കാര്‍ഷിക മേഖലകളില്‍ ജലസേചന പമ്പുകള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മാറ്റാന്‍ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കുട്ടനാട് 110 കെ. വി. സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തോ ഇരുപതോ കര്‍ഷകര്‍ ഒരുമിച്ച് വേണം സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കേണ്ടത്. മിച്ചമുള്ള വൈദ്യുതി വിറ്റ് അവര്‍ക്ക് അധിക വരുമാനവും നേടാം. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിലാണ് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കേണ്ടത്. ഓരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചാല്‍ കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് മാത്രമല്ല, പാചക വാതകത്തിന്റെ ചെലവും വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വഴി ഇന്ധന ചെലവും ലാഭിക്കാം. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.25 കോടി രൂപ ചെലവിലാണ് കുട്ടനാട്ടിലെ നിലവിലുള്ള 66 കെ.വി. സബ്‌സ്റ്റേഷന്‍ പ്രളയ പ്രതിരോധ ശേഷിയുള്ള 110 കെ.വി. സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നത്. ആലപ്പുഴ - കുട്ടനാട് 66 കെ.വി. ലൈനിന്റെ പൂപ്പള്ളി മുതല്‍ കുട്ടനാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ടായി പുനര്‍ നിര്‍മിക്കും. പരമാവധി പ്രളയ ജലനിരപ്പിന് മുകളിലായാണ് പുതിയ സബ്‌സ്റ്റേഷന്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുട്ടനാട്ടിലെ മങ്കൊമ്പ്, കൈനകരി, ചമ്പക്കുളം, കിടങ്ങറ, പള്ളം പുഞ്ച ഇലക്ട്രിക്കല്‍ സ്റ്റേഷനുകളുടെ പരിധിയിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യുതി തടസരഹിതമായി ലഭിക്കും.