13,534 പട്ടയങ്ങള്‍ നല്‍കും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

post

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.  13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.  12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ 3575 പട്ടയവും ഇടുക്കി ജില്ലയില്‍ 2423 പട്ടയവും, മലപ്പുറം ജില്ലയില്‍ 2061 പട്ടയവും കോഴിക്കോട് ജില്ലയില്‍ 1739 പട്ടയവും പാലക്കാട് ജില്ലയില്‍ 1034 പട്ടയവും കണ്ണൂര്‍ ജില്ലയില്‍ 830 പട്ടയവും കാസര്‍ഗോഡ് ജില്ലയില്‍ 589 പട്ടയവും എറണാകുളം ജില്ലയില്‍ 530 പട്ടയവും വയനാട് ജില്ലയില്‍ 406 പട്ടയവും ആലപ്പുഴ ജില്ലയില്‍ 108 പട്ടയവും കോട്ടയം ജില്ലയില്‍ 74 പട്ടയവും കൊല്ലം ജില്ലയില്‍ 58 പട്ടയവും പത്തനംതിട്ട ജില്ലയില്‍ 55 പട്ടയവും, തിരുവനന്തപുരം ജില്ലയില്‍ 52 പട്ടയവും വിതരണം ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.

തൃശൂര്‍ കെ.കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും.  പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.  തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.