പ്രവാസികള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമേകി നോര്‍ക്ക നിയമ സഹായസെല്‍

post

ഒമാനിലെ പോലീസ് കസ്റ്റഡിയില്‍  നിന്നും ബിജുസുന്ദരേശന്  മോചനം

തിരുവനന്തപുരം : പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോര്‍ക്ക റൂട്ട്‌സിന്റെ  പ്രവാസി  നിയമ  സഹായ പദ്ധതി (PLAC) യിലൂടെ  ആദ്യമായി ഒമാനിലെ പോലീസ് കസ്റ്റഡിയില്‍  നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശന്‍  നാട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ബിജുവിന് മോചനം ലഭിച്ച്  നാട്ടിലെത്താന്‍ ഇടയായത്.  മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്കയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുലര്‍ച്ചെ എത്തിയ ബിജുവിനെ നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സി.വേണുഗോപാല്‍ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേര്‍ന്ന് സ്വീകരിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കൊല്ല പനവൂര്‍ തടത്തരികത്ത് വീട്ടില്‍ ബിജു സുന്ദരേശന്റെ വിസയും ലേബര്‍ പെര്‍മിറ്റും കാലാവധി കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷമായിരുന്നു. കേസ് നോര്‍ക്കയിലെത്തുമ്പോള്‍ ബിജു ഒമാനിലെ ഇസ്‌കി പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ബിജുവും സ്‌പോണ്‍സറും തമ്മിലുള്ള ലേബര്‍/കൊമേഴ്‌സ്യല്‍ കേസുകളാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെത്തിച്ചത്. കേസ് വിശദമായി പരിശോധിച്ച നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ ഒമാനിലെ നോര്‍ക്കയുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറുകയായിരുന്നു. നോര്‍ക്കയുടെയും നോര്‍ക്കയുടെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകള്‍ മൂലമാണ്  ബിജുവിനെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കുകയും ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കി നാട്ടിലെത്തുന്നതിനുള്ള അവസരമൊരുക്കിയതും.

പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC)  നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.