കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാന്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി ധാരണ: മന്ത്രി

post

തിരുവനന്തപുരം : കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാന്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി ധാരണയായതായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത സീസണിലെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. വെസ്റ്റിന്‍ഡീസുമായുള്ള ട്വന്റി ട്വന്റി മത്സരങ്ങളിലൊന്ന് കേരളത്തിന് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അണ്ടര്‍ 16 ഫുട്ബാള്‍ ക്യാമ്പ് കേരളത്തില്‍ നടത്താനും ധാരണയായിട്ടുണ്ട്. വനിതാ ഫുട്ബാള്‍ ടീമിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ബീച്ച് ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും കേരളത്തില്‍ നടപ്പാക്കും. പഞ്ചായത്ത് തലം മുതല്‍ ഫുട്ബാള്‍ മത്സരങ്ങളും കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇത് ഘട്ടം ഘട്ടമായി സംസ്ഥാനതലത്തിലേക്ക് ഉയര്‍ത്തി ലീഗ് മത്സരങ്ങള്‍ നടത്തും. തൃശൂരും കോഴിക്കോടും റീജ്യണല്‍ കായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതോടെ കൂടുതല്‍ കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനാവും. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര കായിക മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ഒക്ടോബര്‍ മുതല്‍ എല്ലാ പഞ്ചായത്തിലും സ്പോര്‍ട്സ് കൗണ്‍സില്‍ നിലവില്‍ വരും. തകര്‍ന്നു കിടക്കുന്ന സ്റ്റേഡിയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി നടത്തും. കോവിഡാനന്തരകാലത്ത് കളിക്കളങ്ങളെ കൂടുതല്‍ സജീവമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദേശ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബാള്‍ മത്സരം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു