സേവന സജ്ജരായി ഹോം നഴ്‌സുമാര്‍ : 'നൈപുണ്യം' ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

post

കൊല്ലം : ജില്ലയില്‍ സേവന സജ്ജരായി 34 ഹോം നഴ്‌സുമാര്‍. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നൈപുണ്യം പാലിയേറ്റീവ് ഹോം നഴ്‌സിങ്  പദ്ധതിയിലൂടെ  പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അഞ്ച് ദിവസത്തെ തിയറി ക്ലാസ്സും 15 ദിവസം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലുള്ള പരിശീലനവും പൂര്‍ത്തിയാക്കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹോം നേഴ്‌സ്മാര്‍ക്ക് ഉണ്ടാവും.
സേവനം ആവശ്യമുള്ളവര്‍ ജില്ലാ പഞ്ചായത്ത് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഡേറ്റാ ബാങ്കിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ മധ്യസ്ഥതയില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട്  ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധിക്കും. ഇതിനോടകം അഞ്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി  ജയപ്രകാശ്,  കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗിരിജാ കുമാരി, ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്ത ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.