മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക ഏറ്റവും പ്രധാനം: മുഖ്യമന്ത്രി

post

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മരുന്ന് പരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുദിന കര്‍മ്മ പരിപാടിയിലെ 85 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്തംഭിച്ചു പോകാതിരിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍  കേരളത്തിന്റെ നേട്ടങ്ങളാണ് കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാന്‍ സഹായകമായത്. മതിയായ കോവിഡ് ചികിത്സ ലഭിക്കാത്ത ഒരാള്‍ പോലും കേരളത്തിലില്ല. ആരോഗ്യമേഖലയുടെ മുന്നേറ്റത്തിന് അടിസ്ഥാനം പാകിയത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് നാടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

2016ല്‍ എറണാകുളത്തും, 2009 ല്‍ തൃശൂരും മരുന്ന് പരിശോധനാ ലബോറട്ടറി ആരംഭിച്ചു. തിരുവനന്തപുരത്ത് നേരത്തെ തന്നെ ലബോറട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മരുന്ന് പരിശോധനാ ലബോറട്ടറിക്കൊപ്പം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐസിയു, പൈക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രം, ശിശുക്കളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള  ആയിരം ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കോന്നിയിലെ മരുന്ന് പരിശോധനാ ലാബില്‍ പ്രതിവര്‍ഷം 4500 മരുന്നുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 15000 മരുന്നുകള്‍ പരിശോധിക്കാന്‍ കഴിയും. 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 91 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുത്. ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രത്യേക കാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്. 10 കോടി രൂപയുടെ പദ്ധതിയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ്. കെട്ടിടത്തിനു മാത്രം 3.8 കോടിയാണ് ചെലവഴിച്ചത്. മൂന്നു നിലയിലായി  16,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. 2019 നവംബര്‍ മാസത്തില്‍  ആരംഭിച്ച് കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.  60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവര്‍ത്തിക്കുക.