മൂന്നാറില്‍ പോലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമമായി

post

ഇടുക്കി: അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലീസ് സേവനം എത്രയും വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ സ്ഥാപിച്ച ഇടുക്കി ജില്ലാ പോലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായിവിജയനും ജില്ലാതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു.  

ജില്ലയിലെ പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറില്‍ ജില്ലാ പോലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്.  സംസ്ഥാനത്ത് മികച്ച രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലയില്‍  മികച്ച രീതിയിലുള്ള സേവനമാണ് പോലീസ് നടത്തുന്നത്. കേസുകളുടെ കാര്യത്തിലായാലും മറ്റ് അനുബന്ധ കാര്യങ്ങളിലായാലും അതു ശരിവയ്ക്കുന്നുവെന്ന് കണ്‍ട്രൂള്‍ റൂമിന്റെ  മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് സെന്ററില്‍ നിരീക്ഷണത്തിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കു കീഴിലുള്ള 44 വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ് സംവിധാനങ്ങള്‍ വഴിയാണ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ബന്ധപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അടിയന്തിര സാഹചര്യങ്ങളിലും അത്യാഹിത സന്ദര്‍ങ്ങളിലും ഏറ്റവും അടുത്ത് ലഭ്യമായ വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലങ്ങളില്‍ പോലീസ് സേവനം ലഭ്യമാകും. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും പോലീസിന്റെ നിരീക്ഷണം ശക്തമാകും. 

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, ഡീന്‍ കുര്യാക്കോസ് എം.പി, അഡ്വ.എ.രാജ എംഎല്‍എ, ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി വിജയ് സഖാറേ, സൗത്ത് സോണ്‍ ഐജി.പി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണിമൊഴി, ആന്ദറാണി, മാര്‍ഷ് പീറ്റര്‍, മൂന്നാര്‍ ഡിവൈ എസ്പി കെ ആര്‍ മനോജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.