സമയബന്ധിതമായി മെഡിക്കല്‍ കോളേജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം : മന്ത്രി വീണ ജോര്‍ജ്

post

നവംബര്‍ 1 ന് ഐപി ആരംഭിക്കും

ഇടുക്കി : സമയബന്ധിതമായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിറ്റ്കോ ഏറ്റെടുത്ത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലയെന്നും അതിനുള്ള കാരണങ്ങളും യോഗത്തില്‍ വിശദമാക്കാന്‍ മന്ത്രി അവരോട് ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും മന്ത്രി കിറ്റ്കോയോട് പറഞ്ഞു.

പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ഡിപിഎം എന്നിവരടങ്ങുന്ന ടീം ആഴ്ചയില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. ടീമിന്റെ നോഡല്‍ ഓഫീസര്‍ ആയി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ നിഷയെ ചുമതലപ്പെടുത്തി. കൂടാതെ ടീം നിര്‍ബന്ധമായും ദിവസേന പണികളുടെ പുരോഗതി അവലോകനം ചെയ്യണം.

ഇടുക്കിയില്‍ നിയോഗിച്ച ജീവനക്കാര്‍ ലീവ് എടുത്തു പോകാനോ വര്‍ക്കിംഗ് അറേഞ്ച്മെന്റ് ലോ മറ്റു ആശുപത്രിയില്‍ പോകാന്‍ പാടില്ല. മെഡിക്കല്‍ കോളേജ് ഇടുക്കിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. 2022 - 23 ല്‍ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

  നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ  അംഗീകാരത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും രണ്ടു മാസത്തിനുള്ളില്‍ ഇവരുടെ സന്ദര്‍ശനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ നിലവിലെ ജീവനക്കാരുടെ കുറവ് നികത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.   മന്ത്രി നിയോഗിച്ച ടീം നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വരാന്‍ ഇടവരരുത്. എന്ത് ആവശ്യം ഉണ്ടേലും പരിഹരിക്കാന്‍ സര്‍ക്കാര്‍  ബാധ്യസ്ഥരാണ്. എന്നാല്‍ കൃത്യസമയത്ത് അത് സര്‍ക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

50 ഏക്കര്‍ ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ഭൂമി തരാന്‍ പഞ്ചായത്ത് ഒരുക്കമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.

യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. അരുണ്‍ എസ് മെഡിക്കല്‍ കോളേജിന്റെ നിലവിലെ പുരോഗതിയും ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങളും വ്യക്തമാക്കാന്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഡീന്‍ കുര്യക്കോസ് എംപി, എംഎം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, മെഡിക്കല്‍ കോളേജ് എച്ച്എംസി അംഗം സിവി വര്‍ഗീസ്, ഇടുക്കി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ എന്‍ റോയ്, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ ആര്‍ നിഷ, വിവിധ വകുപ്പ് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.