മുണ്ടേരിയില്‍ ആദിവാസി കോളനിയിലേക്കുള്ള പാലം യാഥാര്‍ത്ഥ്യമായി

post

മലപ്പുറം: പ്രളയം മൂലം ഒറ്റപ്പെട്ട മുണ്ടേരി ആദിവാസി കോളനികളിലേക്ക് ഇനി മുതല്‍ ചങ്ങാടമില്ലാതെ യാത്ര ചെയ്യാം. പ്രളയത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒറ്റപ്പെട്ട നിലമ്പൂര്‍ മുണ്ടേരിയിലേക്ക് കനിവിന്റെ തൂക്കു പാലമൊരുക്കിയിരിക്കുകയാണ് ജില്ലാകലക്ടറും റവന്യൂ ഉദ്യോഗസ്ഥരും. തൂക്കു പാലം വേണമെന്ന കോളനിക്കാരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പാലം ജില്ലാകലക്ടര്‍ ജാഫര്‍ മലിക് നാടിന് സമര്‍പ്പിച്ചു. ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ക്കാണ് തൂക്കുപാലം ഒരുങ്ങിയത്.

ഓഗസ്റ്റിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കോളനിയിലേക്കുള്ള ഏക ആശ്രയമായ പാലം തകര്‍ന്നത്. ഇതോടെ കോളനി വാസികളുടെ സഞ്ചാരമാര്‍ഗം ഇല്ലാതായി. മുള  ഉപയോഗിച്ചുണ്ടാക്കിയ ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. പുതിയ പാലം നിര്‍മ്മിക്കാന്‍ എട്ടു മാസം സമയമെടുക്കും എന്നതിനാലാണ് തൂക്കുപാലം എന്ന ആശയവുമായി റവന്യൂ ജീവനക്കാര്‍ മുന്നോട്ടുവന്നത്. 

മെറ്റല്‍ റോപ്പുകളും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച തൂക്കുപാലത്തിന് ഏകദേശം ആറ് ലക്ഷം രൂപ വരെ ചെലവ് വന്നിട്ടുണ്ട്. റവന്യൂ ജീവനക്കാര്‍ സ്വരൂപിച്ച  പണം ഉപയോഗിച്ചാണ് തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണപ്രവൃത്തി ഒക്‌ടോബര്‍ 24ന് ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒക്‌ടോബര്‍ 27ന് കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും സംഘവും കോളനിയില്‍ എത്തി തൂക്കുപാലത്തിന്റെ നിര്‍മാണപ്രവൃത്തികളില്‍ പങ്കാളികളാവുകയും ചെയ്തു. പ്രദേശ വാസികളുടെ സഹായത്തോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡിഎം. എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍, തുടങ്ങിയ കലക്ടറേറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.