പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

post

പാലക്കാട്: ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2019 ജൂലൈയിലാണ്. രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം വിയ്യൂര്‍ ജയിലിലേക്ക്് കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും 220 ഓളമുള്ള  തടവുകാരും കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജയില്‍ വളപ്പിനെ ജില്ലയിലെ മാതൃകാ കൃഷിത്തോട്ടമാക്കി. ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കിയും തടവുകാരുടെ അധ്വാനത്തില്‍ കുളം കുഴിച്ചും പരുവപ്പെടുത്തിയ ഭൂമിയില്‍ ശാസ്ത്രീയമായാണ് കൃഷി ആരംഭിച്ചത്. പൂര്‍ണമായും ജൈവകൃഷിയാണ് തുടരുന്നത്.

100 ഓളം ഫലവൃക്ഷങ്ങളടങ്ങിയ ക്ഷിപ്രവനവും പാലുത്പാദനവും

നൂറോളം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന ക്ഷിപ്ര വനം, കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ വഴി ലഭ്യമാക്കിയ 100 തെങ്ങിന്‍തൈകള്‍ ഉള്‍പ്പെട്ട കേര ഉദ്യാനം, ശലഭോദ്യാനം, 27 ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട നക്ഷത്രവനം, 10 ഇനം പേരതൈകളുള്ള മാര്‍കേസിന്റെ പേരിലുള്ള പേരതോട്ടം, ജയില്‍ ഗേറ്റിനു പുറത്തുള്ള കനാല്‍ പാതയോരത്ത് നൂറോളം പന മരങ്ങള്‍, വിവിധതരത്തിലുള്ള ആല്‍മരങ്ങള്‍ എന്നിവയുണ്ട്. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന 'കിലു കിലുക്കി' ചെടി ഇവിടുത്തെ പ്രത്യേകതയാണ്. റെഡ് ലേഡി പപ്പായ തോട്ടം, വാഴ, കപ്പ കൃഷികള്‍ ഓരോ സീസണിലും തുടര്‍കൃഷി നടത്തുന്നു. മൂന്നര ടണ്‍ കപ്പയാണ് വളപ്പില്‍ നിന്ന് ഒരു വര്‍ഷത്തിനിടയില്‍ വിളവെടുത്തത്. ചെണ്ടുമല്ലി, വാടാമല്ലി, മുല്ല തുടങ്ങിയ ഉള്‍പ്പെടുന്ന പുഷ്പകൃഷിയില്‍ നിന്ന് ആഴ്ചയില്‍ 15 കിലോയോളം പൂക്കള്‍ വില്‍ക്കുന്നുണ്ട്.

ഒരു ഥാര്‍പാര്‍ക്കര്‍ പശുവും മൂന്നു വില്യാദ്രികളും ഉള്‍പ്പെടുന്ന ക്ഷീരപഥീ ഗോശാല ജയിലിലെ തൈര്, പാലുത്പാദനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. പശുക്കള്‍ക്ക് വേണ്ട തീറ്റപ്പുല്ലും വളപ്പില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.

ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇവിടത്തെ അന്തേവാസികള്‍ തന്നെയാണ് നിലമൊരുക്കുന്നത് മുതല്‍ വിളവെടുപ്പ്  വരെയുള്ള ജോലികള്‍ ചെയ്യുന്നത്. പശുവിന്റെ പരിപാലനവും പച്ചക്കറികളുടെ നടീലും നനയും എല്ലാം ഇവരുടെ ദിനചര്യയുടെ ഭാഗമാണ്.

അന്‍പതിലധികം കാര്‍ഷിക വിളകള്‍

കരനെല്‍കൃഷി, റാഗി, നിലക്കടല, ചോളം, തുടങ്ങിയവയും മധുരക്കിഴങ്ങ്, കൂര്‍ക്ക, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും കോളിഫ്ലവര്‍, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, മുള്ളങ്കി തുടങ്ങിയ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ അമ്പതിലധികം കാര്‍ഷികവിളകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നര ലക്ഷത്തോളം രൂപയുടെ പച്ചക്കറി വിളവെടുത്തു. ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, കൂണ്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ 78 കിലോവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ്

കെ.എസ്.ഇ.ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ 33 ലക്ഷം രൂപ ചെലവഴിച്ച് 78 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ജയില്‍ കെട്ടിടത്തിന്റെ ടെറസില്‍ സ്ഥാപിച്ചിട്ടുണ്ട്.  ഇതിലൂടെ വൈദ്യുതോല്‍പ്പാദനത്തിന്റെ 10 ശതമാനം ജയിലിന് സൗജന്യമായി ലഭിക്കും. പ്രതിമാസം 1000 യൂണിറ്റ് വൈദ്യുതി ജയിലിലെ വൈദ്യുതി ബില്ലില്‍ നിന്നും കുറവ് ചെയ്യുന്നുണ്ട്.

ജയില്‍ അടുക്കളയിലെ പാചകവാതകം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ശുചിത്വമിഷന്‍ വഴി 10 ലക്ഷം രൂപ ചെലവില്‍ 15 മീറ്റര്‍ ക്യൂബ് ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ജയിലിലെ ഭക്ഷണാവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതുവഴി പ്രതിമാസം 8 ഗ്യാസ് സിലിണ്ടറുകള്‍ ലാഭിക്കുന്നുണ്ട്.

ലൈബ്രറി, റേഡിയോ സംവിധാനങ്ങള്‍

ലൈബ്രറി കൗണ്‍സില്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന 8000 പുസ്തകങ്ങളുള്ള ലൈബ്രറി, കോഫീ വൈന്‍ഡിംഗ് മെഷീനുള്ള കാന്റീന്‍, സ്മാര്‍ട്ട് കാര്‍ഡ് ഫോണ്‍ ബൂത്തുകള്‍,  എല്‍സിഡി പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള പ്രദര്‍ശന ഹാള്‍, ടെലിമെഡിസിന്‍, വീഡിയോ കോള്‍ സൗകര്യം, ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കമ്മ്യൂണിറ്റി റേഡിയോ സര്‍വീസായ 'ജയില്‍ വാണി' എന്നിവയും മലമ്പുഴ ജയിലിന്റെ പ്രത്യേകതകളാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ് ദിനപത്രങ്ങളും ഹിന്ദി പുസ്തകങ്ങളും അന്തേവാസികള്‍ക്ക് നല്‍കുന്നുണ്ട്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുള്ള കൂലി അവരവരുടെ അക്കൗണ്ടിലാണ് നല്‍കുന്നത്.

കോടതികളുമായി ബന്ധിപ്പിക്കുന്ന മൂന്ന് വിഡിയോ കോണ്‍ഫറന്‍സിങ് സ്റ്റുഡിയോകള്‍, ടെലിമെഡിസിന്‍ സംവിധാനം, എന്നിവയും തടവുകാര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. ഓട്ടോമാറ്റിക് ഫയര്‍ ഫൈറ്റിംഗ് സംവിധാനം, പൂര്‍ണമായും സിസിടിവി നിരീക്ഷണ സംവിധാനം, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ജയിലിലെ സുരക്ഷ ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുണ്ട്.

ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്‌കാരം,  100% മാര്‍ക്ക് നേടി ഹരിത ഓഫീസ് പുരസ്‌കാരം എന്നിവ ജയിലിനു ലഭിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടം മുതല്‍ മാസ്‌ക്, ഫേസ് ഫീല്‍ഡ്, സാനിറ്റൈസര്‍ നിര്‍മാണവും ജയിലില്‍ നടക്കുന്നുണ്ട്.

കൃഷി വകുപ്പ്, കേരള കര്‍ഷകസംഘം, കേരള ജൈവ സംരക്ഷണ സമിതി, വിവിധ സ്ഥാപനങ്ങള്‍,  സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്  വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.