ബാല സൗഹൃദ സമൂഹം സൃഷ്ടിച്ചെടുക്കാന്‍ എല്ലാവരും ശ്രമിക്കണം : സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍

post

ഇടുക്കി : ബാല സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സമൂഹത്തിലെ എല്ലാവരുടെയും ശ്രമം ആവശ്യമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ മോഹനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബാലസൗഹൃദ കേരളം പദ്ധതിയുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനായി കുട്ടികളോട് സ്‌നേഹത്തോടെയും അനുഭാവ പൂര്‍ണമായും നമ്മുടെ സമൂഹം പെരുമാറേണ്ടത്തിന്റെ ആവശ്യകത അദ്ദേഹം പങ്കുവച്ചു. കുട്ടികളുടെ നിയമങ്ങളെക്കുറിച്ചും അവകാശത്തെയും സംരക്ഷണത്തെയും പറ്റി ബോധവാന്മാരാകേണ്ടതിന്റെആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനു വേണ്ടിയും, സമൂഹത്തില്‍ ബാല സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടിയും ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിനുമാണ് കമ്മീഷന്‍ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം. ജി, കമ്മീഷന്‍ അംഗം റെനി ആന്റണി എന്നിവര്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ചു. ആദ്യ സെഷനില്‍ കമ്മിഷന്‍ അംഗം കെ. നസീര്‍ മോഡറേറ്റര്‍ ആയി. അഡ്വ. എ. വൈ ജയരാജ് ബാലസംരക്ഷണ നിയമങ്ങളും കര്‍ത്തവ്യ വാഹകരുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. രണ്ടാമത്തെ സെഷനില്‍ കമ്മിഷന്‍ അംഗം ബി. ബബിത മോഡറേറ്റര്‍ ആയി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡ്ജ് ഫിലിപ്പ് തോമസ് പോക്സോ നിയമവും കര്‍ത്തവ്യ വാഹകരുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. മൂന്നാമത്തെ സെഷനില്‍ ജില്ലാ ശിശു സരംക്ഷണ ഓഫീസര്‍ ഗീത എം. ജി മോഡറേറ്ററായി. കമ്മിഷനംഗം സി.വിജയകുമാര്‍ ക്ലാസ് നയിച്ചു.

 പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാതാപിതാക്കളുമായി ആശയ വിനിമയം നടത്തി. കമ്മിഷന്‍ അംഗം പി. പി ശ്യാമളാദേവി കമ്മീഷനംഗം റെനി ആന്റണി, സംസ്ഥാന കമ്മിഷന്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ (ആര്‍.റ്റി.ഇ സെല്‍) ലതിക കെ എന്നിവര്‍ സംസാരിച്ചു.