ഇ-നിയമസഭ പൂര്‍ത്തിയാകുന്നു; നവംബര്‍ ഒന്നിന് ലോഞ്ചിംഗ്

post

തിരുവനന്തപുരം : കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ 'ഇ'- നിയമസഭാ പ്രൊജക്ട് പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതായി സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തില്‍ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

 സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്‌കരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.