നവകേരളത്തിന്റെ ദിശയം വേഗവും തീരുമാനിക്കാന്‍ ഗവേഷണങ്ങള്‍ക്കാകണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : നവകേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ദിശയും വേഗവും തീരുമാനിക്കാന്‍ ശേഷിയുള്ളവയായി കേരളത്തില്‍ നടത്തപ്പെടുന്ന ഗവേഷണങ്ങള്‍ വികസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി റിസര്‍ച്ച് അവാര്‍ഡ് ദാനചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉത്പാദനമേഖലയിലെ വളര്‍ച്ചയും അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അധികവിഭവത്തിന്റെ നീതിയുക്തമായ വിതരണവും അടങ്ങുന്നതാണ് നവകേരള സങ്കല്‍പം. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യണം. കേരളം എത്രമാത്രം സവിശേഷമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലുള്ള കൈരളി ഗവേഷക അവാര്‍ഡുകള്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. അതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും നവീകരണവും സാധ്യമാക്കേണ്ടതുണ്ട്. വിജ്ഞാനത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കുകയും അതിലൂടെ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റം സാധ്യമാകുകയും വേണം. അതിന് ഉന്നതവദ്യാഭ്യാസ രംഗത്തിന് വ്യവസായങ്ങളുമായി ജൈവവും സക്രിയവുമായി ബന്ധം ഉണ്ടാവണം. ഉന്നതവിദ്യഭ്യാസ രംഗത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കണം. അതിലൂടെ നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അടിസ്ഥാനപ്പെടുത്തി പരിഹാരം കാണാന്‍ കഴിയണം. അതിനുതകണം കേരളത്തില്‍ നടക്കുന്ന ഗവേഷണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതനവും ഗുണകരവുമായ അറിവുകളാല്‍ ഗവേഷണ കേന്ദ്രങ്ങള്‍ സജീവമാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഒരായുഷ്‌കാലം മുഴുവന്‍ ആര്‍ജ്ജിച്ചെടുത്ത അറിവ് സമൂഹത്തില്‍ വിശാലമായി പ്രകാശം പരത്തുന്ന ആചാര്യാരെയാണ് നമ്മള്‍ ആദരിക്കുന്നത്. അറിവ് സമൂഹത്തിന്റെ ഗുണകരമായ പരിവര്‍ത്തനത്തിനായി ഉപയോഗിക്കേണ്ടതാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ വൈജ്ഞാന അന്വേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

പ്രൊഫ. ശങ്കരന്‍ വല്യത്താന്‍, പ്രൊഫ. കെ എന്‍ പണിക്കര്‍, ഡോ എം ആര്‍ രാഘവവാര്യര്‍, പ്രൊഫ. സാബു തോമസ്, പ്രൊഫ. പി സനല്‍ മോഹന്‍, ഡോ. സ്‌കറിയ സക്കറിയ, ഡോ. ഫ്രാങ്ക്ളിന്‍ ജെ, ഡോ. സുബോജ് ബേബിക്കുട്ടി, ഡോ. മധു എസ് നായര്‍, ഡോ. ദേവി സൗമ്യജ, ഡോ. സോന്തോഷ് മാണിച്ചേരി, ഡോ. ജബീന്‍ ഫാത്തിമ എം ജെ, ഡോ. ശ്രീലക്ഷ്മി എസ്, ഡോ. അന്‍ഷിധ മായീന്‍, ഡോ. സുജേത ശങ്കര്‍ വി എന്നിവരാണ് 2020 ലെ അവാര്‍ഡ് ജേതാക്കള്‍. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി വി. വേണു, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു