സര്‍ക്കാര്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും: മന്ത്രി പി. രാജീവ്
പാലക്കാട് : ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം.പരമാവധി മൂലധനം ആകര്‍ഷിക്കുന്നതിനും സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .സംരംഭങ്ങളുമായി ബന്ധപ്പെട്ട ഭൂമി സ്വതന്ത്രമായി ക്രയ വിക്രയം നടത്തുന്നതിനായി ലാന്‍ഡ് അലോട്ട്മെന്റ് നയം രൂപീകരിക്കാനും സര്‍ക്കാര്‍ നടപടി എടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വ്യവസായ വളര്‍ച്ചയ്ക്ക് പാലക്കാട് അനുകൂല സാഹചര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസ്സിനസ്സ് റാങ്കിങ് പ്രകാരം രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ജില്ലാ തലത്തില്‍ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സ്റ്റാറ്റിയൂട്ടറി ഗ്രിവന്‍സ് മെക്കാനിസവും പ്രത്യേക പരിശോധനകള്‍ നടത്തുന്നതിനായി സ്റ്റാറ്റിയൂട്ടറി ഇന്‍സ്പെക്ഷന്‍ സിസ്റ്റവും ഏര്‍പ്പെടുത്തും. വ്യവസായ സംരംഭങ്ങളുടെ അനുമതി മുതലുള്ള നടപടികളും പരിശോധന സംഘത്തിലെ അംഗങ്ങളെയടക്കം തിരഞ്ഞെടുക്കുന്നതും സോഫ്‌റ്റ്വെയര്‍ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുതല്‍ നടപടിക്രമങ്ങള്‍ ഏത് സമയത്തും പരിശോധിക്കാന്‍ കഴിയുന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും പോരായ്മകളും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.
അഞ്ചു കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങളെ സംബന്ധിച്ച പരാതികള്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കാം. ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള സമിതിയാണ് ഇത്തരം പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനാണ് ജില്ലയുടെ ചുമതലയെന്നും മന്ത്രി അറിയിച്ചു. അഞ്ചു കോടിയിലധികം മുതല്‍ മുടക്കുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന തലത്തിലാണ് തീര്‍പ്പാക്കുന്നത്.
സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ടെക്നോളജിക്കല്‍ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താലൂക്ക്തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പരിശീലനം നല്‍കും. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് പരിശീലന പരിപാടിയുടെ സംസ്ഥാനതല ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാതലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അഞ്ചു ദിവസത്തിനകം അതത് ഉദ്യോഗസ്ഥരോട് ജില്ലാതല സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടതും ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. 30 ദിവസത്തിനിടയില്‍ പരിഹാരം തീര്‍പ്പാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ സംസ്ഥാനതല സമിതിയിലേക്ക് നല്‍കും. ഉദ്യോഗസ്ഥ തലത്തിലുണ്ടാവുന്ന വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ പിഴയൊടുക്കേണ്ടി വരുമെന്നും വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി ചൂണ്ടികാട്ടി.
കേരളത്തിലെ വ്യവസായ സംരംഭക മേഖലയില്‍ 100 ശതമാനം വര്‍ധനവാണ് അഞ്ചു വര്‍ഷ കാലയളവില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച വ്യവസായ സംരംഭകര്‍ക്കുള്ള പുരസ്‌കാര വിതരണവും വിവിധപദ്ധതികള്‍ പ്രകാരമുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ. ഇളങ്കോവന്‍, എ. പി. എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എം.ഡി. രാജമാണിക്യം, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, എന്നിവര്‍ പങ്കെടുത്തു.