തുല്യതാപരീക്ഷയില്‍ വിജയിച്ച ആദിവാസി പഠിതാക്കള്‍ക്ക് തുടര്‍പഠനത്തിന് പിന്തുണ നല്‍കും: മന്ത്രി കെ. രാധാകൃഷ്ണന്‍

post

തിരുവനന്തപുരം: തുല്യതാപരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച പട്ടികവര്‍ഗ വിഭാഗക്കാരായ പഠിതാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുമെന്ന് പട്ടികജാതി -പട്ടികവര്‍ഗ വികസന -ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷയില്‍ വിജയികളായ പട്ടികവര്‍ഗ വിഭാഗക്കാരായ പഠിതാക്കളെ അഭിനന്ദിക്കുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ വിജയിക്കുന്ന ആദിവാസി വിഭാഗത്തില്‍പെടുന്ന പഠിതാക്കള്‍ക്ക് വീട് അനുവദിക്കുന്ന പദ്ധതികളില്‍ മുന്‍ഗണന നല്‍കും.

223 ആദിവാസി പഠിതാക്കള്‍ കൊവിഡ്മഹാമാരിയെ അതിജീവിച്ചും ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷയെഴുതി എന്നത് അഭിമാനകരമായ കാര്യമാണ്. അതിലേറെ അഭിമാനകരമാണ് പരീക്ഷയെഴുതിയവരില്‍ 173 പേര്‍ വിജയിച്ചത്. അവസരം നല്‍കിയാല്‍ പഠിച്ച് മുന്നേറും എന്നതിന്റെ തെളിവാണ് ഈ 77.57 ശതമാനം വിജയം. വയനാട് ജില്ലയില്‍ നിന്ന് മാത്രം 62 പേര്‍ വിജയിച്ചു എന്നതും കേരളത്തിന്റെ തുടര്‍വിദ്യാഭ്യാസ രംഗത്തെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും കൊഴിഞ്ഞുപോയവരെ വിദ്യാഭ്യാസം ചെയ്യിക്കാനും വിജയിക്കുന്നവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ നയമാണ്, പലഘട്ടങ്ങളിലായി കൊഴിഞ്ഞുപോയവരെ കണ്ടെത്തി പഠിപ്പിക്കാനുള്ള പ്രവര്‍ത്തനം ട്രൈബല്‍ വകുപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. അതിന് ഏറ്റവും പ്രയോജനമാകുന്നതാണ് സാക്ഷരതാമിഷന്റെ പ്രവര്‍ത്തനം. ആദിവാസി വിഭാഗത്തിന് ആവശ്യമായത് അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ചചെയ്ത് നടപ്പാക്കുന്ന രീതിയാണ് ഏറ്റവും ഫലപ്രദം എന്നിരിക്കെ അത്തരത്തിലുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതികളാണ് സാക്ഷരതാമിഷന്‍ നടത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പട്ടികവര്‍ഗ വകുപ്പും സാക്ഷരതാമിഷനും ചേര്‍ന്ന് തുടര്‍വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ നിലവാരം ഇനിയും ഉയര്‍ത്താനാകും.

ആദിവാസി ഊരുകള്‍ ഇപ്പോള്‍നേരിടുന്ന പ്രശ്‌നം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സാധ്യതകളാണ്. ഇന്ററ്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകാത്ത ഇടങ്ങളില്‍ അതെത്തിക്കാനുള്ള ഫലപ്രദമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്നതോടെ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ആദിവാസികളായ രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാക്ഷരതാമിഷന്‍ സ്വീകരിക്കണമെന്നും മന്ത്രി കെ. രാധകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിജയികളായ പഠിതാക്കളുമായി മന്ത്രി സംവദിക്കുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.