സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-സേവനം ഏകീകൃത പോട്ടല്‍, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോര്‍ട്ടല്‍ എന്നിവ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകള്‍ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ അവകാശം ലഭിക്കണം. അവര്‍ എവിടെയാണോ അവിടെ സര്‍ക്കാരിന്റെ സേവനം ലഭ്യമാകണം. അതിനായാണ് ഓണ്‍ലൈനായി സേവനങ്ങള്‍ എടുക്കുന്നതും വീട്ടുപടിക്കല്‍ അവ എത്തിക്കാന്‍ ശ്രമിക്കുന്നതും. സെക്രട്ടേറിയറ്റടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു ഫയലിന്റെ സ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.
ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സുതാര്യമാവണം. അതിന്റെ പ്രയോജനം അവര്‍ക്ക് തടസമില്ലാതെ ലഭിക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷം അതിനായി ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളിലേക്ക് ഒട്ടേറെ മാര്‍ഗങ്ങള്‍ അവലംബിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് അടക്കമുള്ള സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയത് ഇതിലൊന്നാണ്. ഈ സേവനങ്ങളെല്ലാം ഒരു പോര്‍ട്ടലില്‍ ലഭ്യമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സര്‍ക്കാര്‍ സേവനങ്ങള്‍ എങ്ങനെ നവീകരിക്കാമെന്നാണ് നോക്കുന്നത്.
പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എത്തിച്ചേരുന്നതിന് പകരം, സര്‍ക്കാരിന് എങ്ങനെ ജനങ്ങളിലേക്ക് എത്തിച്ചേരാമെന്ന ആശയത്തിലൂന്നിയുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാതില്‍പടി സേവനത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ജനങ്ങള്‍ക്ക് മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കുകൂടി പ്രയോജനകരമാവും ഇന്ന് നിലവില്‍വന്ന പുതിയ സംവിധാനങ്ങള്‍. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, മറ്റ് അവശതയനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ സേവനം ലഭിക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ വിഭാഗങ്ങള്‍ക്കും ഈ സേവനം ലഭ്യമാക്കും.
വാതില്‍പ്പടി സേവനം പോലെതന്നെ പ്രധാനമാണ് സങ്കേതികവിദ്യയെ ആശ്രയിച്ചുള്ള സേവനവും. അതിന് ഓണ്‍ലൈന്‍ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് നേരത്തെ കെ-ഫോണ്‍ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലെനിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ തീരുമാനമാണ് നിശ്ചയിച്ച തീയതിക്കുമുമ്പ് നടപ്പിലാക്കപ്പെടുന്നത്. അതിന് നേതൃത്വം നല്‍കിയ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങളാണ് ഇ-സേവനം മുഖേന ലഭ്യമാക്കുന്നത്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ എട്ടായി തരം തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.
m-Sevanam എന്ന മൊബൈല്‍ ആപ്പില്‍ 450 സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആന്‍ഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്പ് ലഭ്യമാണ്. ഇതോടൊപ്പം കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡാഷ്‌ബോര്‍ഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പുറപ്പെടുവിയ്ക്കുന്ന, സര്‍ക്കുലറുകള്‍, ഓര്‍ഡറുകള്‍ അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍ ടെന്‍ഡറുകള്‍ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോര്‍ട്ടലും കേരള സ്റ്റേറ്റ് പോര്‍ട്ടലിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.