അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക സര്‍ക്കാരിന്റെ ചുമതല: മുഖ്യമന്ത്രി

post

തിരുവനന്തപുരം: സാമൂഹികപുരോഗതിയേയും ഐക്യത്തേയും ദുര്‍ബലപ്പെടുത്താനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചെറുക്കേണ്ടത് സമഗ്ര വികസനത്തിന് പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് പട്ടികജാതി  പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ മുഖ്യ അതിഥി ആയിരുന്നു. രാഷ്ട്രപിതാവിന്റെ ജന്‍മദിനാചരണത്തിലൂടെ സമഗ്രമായ വികസനത്തെക്കുറിച്ചും സാമൂഹിക പുരോഗതിയെക്കുറിച്ചുമുള്ള  ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിലൂടെയുള്ള ശ്രമമാണ് നാം നടത്തുന്നത്. അതിനേറ്റവും ഉചിതമായ സന്ദര്‍ഭം 'നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ സൗന്ദര്യം' എന്നു പറഞ്ഞ മഹാത്മാവിന്റെ ജന്‍മദിനം തന്നെയാണ്- മുഖ്യമന്ത്രി പറഞ്ഞു.  

അടിസ്ഥാനവിഭാഗങ്ങള്‍ക്കു വേണ്ട പദ്ധതികള്‍ നടപ്പാക്കുകയെന്ന കേവലദൗത്യം മാത്രമല്ല സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. പൊതുവിഭവങ്ങളില്‍ നീതിയുക്തമായി അവര്‍ക്കവകാശപ്പെട്ട ഓഹരി ഉറപ്പുവരുത്തുക കൂടിയാണ്. ആ നിലയ്ക്കുള്ള സവിശേഷമായ ഇടപെടല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ ഉണ്ടായി.

സുതാര്യവും കാര്യക്ഷമവും ആയ ഇടപെടലുകളിലൂടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നു.

പട്ടികജാതി വിഭാഗങ്ങളുടെ നിലവിലുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ പഠനം നടത്തുന്നതിനും, വിവരം ശേഖരിക്കുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനൂമായി വിവരശേഖരണ സര്‍വ്വേ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ക്കു കീഴിലുള്ള ഐ.ടി.ഐ കളുടെ നവീകരണവും ഇതോടൊപ്പം ആരംഭിക്കും.

പട്ടികവര്‍ഗ്ഗത്തിലെ ദുര്‍ബല വിഭാഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് മികച്ച  സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രങ്ങളില്‍ എത്തിച്ച് പരീക്ഷക്കായി സജ്ജമാക്കാന്‍ ആവശ്യമായ പദ്ധതി ആരംഭിക്കും. യുണിസെഫ് നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലേക്ക് പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകളെ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എം.ജി രാജമാണിക്യം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ റ്റി.വി അനുപമ  തുടങ്ങിയവര്‍ പങ്കെടുത്തു.