സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി

post

വയനാട് : ക്ലീന്‍ ഗ്രീന്‍ എടവക പദ്ധതിയുടെ ഭാാഗമായി എടവക സമ്പൂര്‍ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ശുചിത്വ മേഖലയിലെ നേട്ടങ്ങളുടെ പ്രചാരണം, എടവക വില്ലേജ് ഒ.ഡി.എഫ്.പ്ലസ് പ്രഖ്യാപനം, മികവു പുലര്‍ത്തിയ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സമ്പൂര്‍ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിതകര്‍മസേനാംഗങ്ങളുടെയും, വാര്‍ഡ് മെമ്പര്‍മാരുടെയും, ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി മാലിന്യ സംസ്‌കരണ ബോധവത്കരണം നടത്തിയിരുന്നു. എടവക സ്വരാജ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മാലിന്യ ലഘൂകരണത്തിലും, മാലിന്യ സംസ്‌കരണത്തിലും മാതൃകയായ ഷിന്റോ ആന്റണിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിച്ചു. ശുചിത്വവും സ്വാതന്ത്ര്യവും - ഗാന്ധിജിയുടെ സങ്കല്‍പം എന്ന വിഷയത്തില്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജന്‍സി ബിനോയി, ശിഹാബ് ആയാത്ത്, ഗ്രാമപഞ്ചായത്തംഗം സി.എം. സന്തോഷ്, ഷിന്റോ ആന്റണി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായുള്ള നേതൃത്വ പരിശീലനം, പാഴ് വസ്തുക്കളില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം, ശുചിത്വ സന്ദേശ ചുവരെഴുത്ത്, ദ്രവ മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നീ പരിപടികളും നടക്കും. ഒക്ടോബര്‍ 8 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ജനപ്രതിനിധികളേയും, മുന്‍ പ്രാദേശിക ആസൂത്രണ വിദഗ്ദരേയും ചടങ്ങില്‍ ആദരിക്കും. 

തരിയോട് സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു നിര്‍വ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുംമന്ദം, തരിയോട് വില്ലേജുകള്‍ക്ക് ഒ.ഡി.എഫ്.പ്ലസ് പദവിയും ലഭിച്ചിട്ടുണ്ട്. ആസാദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഹരിതകര്‍മ്മ സേന അംഗങ്ങളെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ആന്റണി ആദരിച്ചു. മെമ്പര്‍മാരായ വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, വി.ഇ.ഒ ഡി. ജോയ്‌സി, ഹരിത സഹായസംഘം പ്രതിനിധി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.