കൊറോണ വൈറസ്: മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു

post

മലപ്പുറം: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു പേര്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതോടെ ആശുപത്രി വിട്ടു. ആശുപത്രിയിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യസമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ സ്രവ പരിശോധന ഫലങ്ങള്‍ ലഭിച്ചു തുടങ്ങിയിച്ചുണ്ട്. 27 സാമ്പിളുകളാണ് ജില്ലയില്‍നിന്നു പരിശോധനക്കയച്ചത്. ഇതില്‍ 17 പേര്‍ക്കു വൈറസ്ബാധയില്ലെന്നാണ് ആദ്യഘട്ട പരിശോധന ഫലം. ഇതുള്‍പ്പെടെ രണ്ടാംഘട്ട പരിശോധനക്കയച്ച 16 സാമ്പിളുകളില്‍ ഫലം ലഭിച്ച ആറു പേരെയാണ് രോഗബാധയില്ലെന്ന പൂര്‍ണ്ണ സ്ഥിരീകരണത്തോടെ നിരീക്ഷണത്തില്‍നിന്നു ഒഴിവാക്കിയത്.

ചൈനയുള്‍പ്പെടെ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി 360 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 26 പേര്‍ ആശുപത്രിയിലും 334 പേര്‍ വീടുകളിലുമാണ്. രോഗ ലക്ഷണങ്ങളില്ലാതെ വീടുകളില്‍ 28 ദിവസം പൂര്‍ത്തിയാക്കിയ 23പേരെ ഇതുവരെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കൗണ്‍സിലിംഗ് തുടരുകയാണ്. ഈ സേവനം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ സെല്ലിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. രോഗ ലക്ഷണങ്ങളുണ്ടായാലും സംശയദൂരീകരണത്തിനും 9383464212 എന്ന നമ്പറില്‍ വാട്‌സാപ്പ് വഴിയും cmcdmomlpm@gmail.com എന്ന മെയില്‍ വഴിയും കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.

കൊറോണ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്സവങ്ങള്‍ മതപരമായ ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മത സംഘടനകള്‍ സംഘാടക സമിതികള്‍ എന്നിവരുടെ യോഗം അടുത്ത ദിവസം വിളിക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുള്ള പ്രത്യക പരിശീലനം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ദുരന്ത നിവാരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള കണ്‍ട്രോള്‍ സെല്‍ മുഖേന നടക്കുന്ന മുന്‍കരുതല്‍ നടപടികള്‍ യോഗം വിലയിരുത്തി.

നിരീക്ഷണത്തിലുള്ളവര്‍ക്കൊപ്പം വീടുകളില്‍ കഴിയുന്ന കുട്ടികളും ജീവനക്കാരും സ്‌കൂളുകളില്‍ പോകരുത്

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നെത്തി പ്രത്യേക നിരീക്ഷണത്തില്‍ വീടുകളിലുള്ളവര്‍ക്കൊപ്പം കഴിയുന്ന വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും നിരീക്ഷണ കാലയളവു കഴിയുന്നതുവരെ വിദ്യാലയങ്ങളില്‍ പോകരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 28 ദിവസം പൂര്‍ത്തിയാക്കുന്നതുവരെ കുട്ടികളടക്കമുള്ളവര്‍ വീട്ടില്‍ത്തന്നെ കഴിയണം. ഇങ്ങനെയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷയടക്കമുള്ള കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്ന് ഇനിയെത്തുന്നവരുടെ വിവരങ്ങള്‍ ലഭിക്കുന്നമുറയ്ക്ക് വീടുകളില്‍ നിന്നു വിദ്യാര്‍ഥികളെ ബന്ധു വീടുകളിലേക്കു മാറ്റണം.

ജലദോഷം, പനി, ചുമ തുടങ്ങിയ രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചികിത്സ തേടി രോഗം പൂര്‍ണമായും സുഖപ്പെട്ടതിനു ശേഷം മാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാവൂയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എല്ലാ തിങ്കളാഴ്ചകളിലും കൊറോണ പ്രതിരോധ  മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് ഇതു നടപ്പാക്കുക.