ആധുനിക സംവിധാനങ്ങളുമായി ഗ്യാസ് ക്രിമിറ്റോറിയം

post

കൊല്ലം : ആധുനിക സംവിധാനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭയിലെ ഗ്യാസ് ക്രിമിറ്റോറിയം 'ശാന്തം'. കന്നേറ്റി പാലത്തിനോട്  ചേര്‍ന്ന് കോഴിക്കോട് പോകുന്ന റോഡിലാണ് ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 230 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം, 7.5 എച്ച് പി മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫര്‍ണസ്, ഇതുമായി ഘടിപ്പിച്ചിട്ടുള്ള ചിമ്മിനി, 11 കിലോ വാട്ട് ജനറേറ്റര്‍ എന്നിവയാണ് ക്രിമിറ്റോറിയത്തിലെ പ്രധാന ഘടകങ്ങള്‍. ശവദാഹങ്ങള്‍ ഒരു മണിക്കൂറിനകം നടത്താന്‍ സാധിക്കും. ആവശ്യമെങ്കില്‍ മറ്റൊന്നുകൂടി സ്ഥാപിക്കാന്‍ കഴിയത്തക്ക  വിധത്തിലാണ് കെട്ടിടത്തിന്റെ  നിര്‍മാണം.
ആധുനിക സൗകര്യങ്ങളോട് കൂടിയ ക്രിമിറ്റോറിയത്തിന്റെ അഭാവം സംസ്‌കാര ചടങ്ങുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്ഥലപരിമിതിയുള്ള വീടുകളിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാവുകയാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗ്യാസ് ക്രിമിറ്റോറിയമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇ  സീനത്ത് പറഞ്ഞു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗ്യാസ്  ക്രിമിറ്റോറിയത്തിന്റെ ആകെ ചിലവ് 90.42 ലക്ഷം രൂപയാണ്.