കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു

post

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു 

തിരുവനന്തപുരം : കുളമ്പുരോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രതിരോധ വാക്സിന്‍ കിറ്റ് മുഖ്യമന്ത്രി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയ്ക്ക് കൈമാറി. തുടര്‍ന്ന് ക്ലിഫ് ഹൗസിലെ പശുവിന് ആദ്യ കുത്തിവയ്പ് നല്‍കി.

ഏതാനും വര്‍ഷം കൊണ്ട് കുളമ്പുരോഗം പൂര്‍ണമായി ഇല്ലാതാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലുദ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കന്നുകാലികളുടെ ആരോഗ്യം പ്രധാന്യമര്‍ഹിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ക്ഷീരകര്‍ഷകര്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ 22 ലക്ഷത്തോളം വാക്സിനുകള്‍ എത്തിയിട്ടുണ്ട്. മുഴുവന്‍ കന്നുകാലികള്‍ക്കും കുളമ്പുരോഗ പ്രതിരോധ വാക്സിന്‍ എടുക്കുക എന്ന വലിയ ദൗത്യമാണ് മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ആറ് മുതല്‍ 9 മാസത്തിനിടയ്ക്ക് വീണ്ടും അടുത്ത കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. കുളമ്പുരോഗബാധ കന്നുകാലികളുടെ പാലുദ്പാദനം കുറയ്ക്കുന്നു. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു. 2030 ഓടെ കുളമ്പുരോഗത്തെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.