പരാതികള്‍ ഇനി പരാതിപ്പെട്ടിയില്‍ നല്‍കാം

post

കണ്ണൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിയുമായി ജില്ലാ ജാഗ്രതാ സമിതി. അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിനാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത്. മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ പരാതിപ്പെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജാഗ്രതാ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളില്‍ പലരും മടിയും അപമാനവും ഭയന്ന് പരാതികള്‍ നല്‍കാത്ത പതിവുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്. ഇനി മുതല്‍ പരാതി വിശദമായി എഴുതി പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാവും. ലഭിക്കുന്ന പരാതികള്‍ ഓരോ മാസവും ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. തുടര്‍ന്ന് വനിതാ കമ്മീഷന്റെ സഹകരണത്തോടെ പരാതിക്കാരിയെയും എതിര്‍ കക്ഷിയെയും ഉള്‍പ്പെടുത്തി വനിതാ അദാലത്ത് സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണും. പരാതികള്‍ ഇമെയിലായി അയക്കാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. jagrathakannur@gmail.com ലേക്ക് പരാതി അറിയിക്കാം. തദ്ദേശസ്ഥാപനതലത്തിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വാര്‍ഡ് തലത്തിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.