മൃഗസംരക്ഷണ മേഖലയിലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു

post

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  മൃഗ സംരക്ഷണ  മേഖലയിലെ  മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  കര്‍ഷകര്‍ക്കും  ഉദ്യോഗസ്ഥര്‍ക്കുമുള്ള അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടന്ന  കാര്‍ഷിക സംഗമത്തില്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവില്‍ നിന്ന് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള അവാര്‍ഡ്  പത്തനംതിട്ട ജില്ലാ  മൃഗസംരക്ഷണ  ഓഫീസര്‍ ഡോ. ജി അംബികാദേവി സ്വീകരിച്ചു.  

മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മിഷന്‍ നന്ദിനി പദ്ധതി,   തെരുവുനായ നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കിയ  എ.ബി.സി പദ്ധതി, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ  പരിഗണിച്ചാണ്   ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോ. ജി അംബികാദേവി  അവാര്‍ഡിന് അര്‍ഹയായത്.  കൂടാതെ ജില്ലയില്‍ നിന്നുള്ള നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ്, നിരണം വെറ്റിനറി സബ് സെന്ററിലെ  ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എസ്.ബിജു എന്നിവരും അവാര്‍ഡ് ജേതാക്കളായി. മികച്ച ഫാം ഓഫീസറായി നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബും മികച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആയി നിരണം വെറ്റിനറി സബ് സെന്ററിലെ  ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എസ്.ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍  ലഭ്യമായത്.