ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാര്‍ഗരേഖയായി

post

കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ല ഒളിമ്പിക് അസോസിയേഷന്‍ തയ്യാറാക്കിയ ഓണ്‍ യുവര്‍ മാര്‍ക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സി നോട്  അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേര്‍ന്ന് നടത്തിയ ഒളിമ്പിക് ക്വിസ് മത്സരത്തിന്റേയും സ്‌പോട്‌സ് ലേഖന മത്സരത്തിന്റേയും വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകളും ജേഴ്‌സികളും വിതരണം ചെയ്തു. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി.സുനില്‍കുമാര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാതയ്ക്ക് നല്‍കിയാണ് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് കൈമാറി  നാടിന് സമര്‍പ്പിച്ചു. 

കാസര്‍കോട് ജില്ലയുടെ കായിക പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കും

മൂന്നുവര്‍ഷത്തിനകം ജില്ലയുടെ കായിക വികസനത്തിന് കുതിപ്പുണ്ടാക്കാന്‍ സമഗ്ര കായിക വികസന പ്രൊജക്ട് സഹായകമാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വി. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല ഒളിമ്പിക് അസോസിയേഷന്‍ ഇത്തരത്തില്‍ കായിക വികസന പ്രൊജക്ട് തയാറാക്കുന്നത്. സര്‍ക്കാറിന്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജന നപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം. വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ കടലാസ് സംഘടനകള്‍ ആകാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വര്‍ഷങ്ങളായി തുടരുന്ന ഭാരവാഹികള്‍ നിര്‍ജീവമായ സംഘടനകളില്‍ നിന്ന് മാറി പുതിയ കാര്യപ്രാപ്തിയുള്ളവര്‍ക്ക് അവസരം നല്‍കണം. പടന്നക്കാട് നെഹ്‌റു കോളേജില്‍  ഓണ്‍ യുവര്‍ മാര്‍ക്ക് ജില്ലയുടെ  സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 20 സ്‌ക്കൂളുകളില്‍ കൂടി കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്കുകള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്ര കായിക വികസനത്തിന് ജില്ലയില്‍ വിഭാവനം ചെയ്യുന്നത് 358.14 കോടി രൂപയുടെ പദ്ധതികള്‍

കാസര്‍കോട് ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ തയ്യാറാക്കിയ ഓണ്‍ യുവര്‍ മാര്‍ക്ക് സമഗ്ര കായിക വികസന പ്രൊജക്ട്   ജില്ലയുടെ സമ്പൂര്‍ണകായിക പുരോഗതിയ്ക്കുള്ള മാര്‍ഗരേഖയാണ്. 358.14 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇതില്‍ രൂപം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ കായിക വികസന പ്രൊജക്ട് സമഗ്രമായി തയ്യാറാക്കുന്നത്.

കായിക രംഗത്തെ നൂതന സാങ്കേതിക വിദ്യയും അറിവും നേട്ടങ്ങളും ജില്ലയിലെ കായിക താരങ്ങള്‍ക്ക് അനുഭവഭേദ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രൊജക്ട് തയ്യാറാക്കിയത്. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ ജില്ലയില്‍ നിന്നും വളര്‍ത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ കായിക ക്ഷമത നിലനിര്‍ത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും അവസരം ലഭ്യമാക്കുകയും അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കായികപരിശീലനത്തിന് നിലവാരമുള്ള ആധുനിക പരിശീലന ഉപകരണങ്ങള്‍ ലഭ്യമാക്കുകയും പ്രൊജക്ട് പ്രാധാന്യം നല്‍കുന്നു. ജില്ലയിലെ 37 കായിക ഇനങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. വിവിധ കായിക ഇനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തുക, മികച്ച പരിശീലനം എന്നിവ പ്രോജക്ടിന്റെ സവിശേഷതയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയുടെ സമഗ്ര കായിക വികസനത്തിന് പ്രോജക്ട് തയ്യാറാക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്റ്റേഡിയം (64.2 കോടി രൂപ), മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം 72 കോടി രൂപ, പ്രാക്ടീസ് ഗ്രൗണ്ട് 119 കോടി രൂപ, സ്‌പോര്‍ട്‌സ് അക്കാദമി ഹോസ്റ്റല്‍ 63 കോടി രൂപ, പരിശീലനത്തിനും കായികോപകരണങ്ങള്‍ക്കും മറ്റുമായുള്ള ചെലവ് 10.94 കോടി രൂപ, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 29 കോടി രൂപ എന്നിവയാണ്  പ്രോജെക്ടില്‍ ഉള്ളത്. ജില്ലയില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയാണ് ഇതിന്റെ സവിശേഷത. ജില്ലയിലെ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കണം. കായിക മേഖലയുടെ സാങ്കേതിക കാര്യങ്ങള്‍ക്ക് വിദഗ്ദ സമിതി രൂപീകരണം, പ്രൈമറി തലത്തില്‍ സ്ഥിരം കായികപരിശീലനം, ജില്ലയില്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നീന്തല്‍കുളങ്ങള്‍, എല്ലാ സ്‌കൂളുകളിലും കോര്‍ട്ട് നിര്‍മിച്ച് നല്‍കുക, ജില്ലയിലെ കായിക മേഖലയിലെ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം സൃഷ്ടിക്കുക, യോഗ്യതയുള്ള കോച്ചുമാരുടെ സേവനം ലഭ്യമാക്കുക, കായിക സഹകരണ സംഘം രൂപീകരിക്കുക, സ്‌പോര്‍ട്‌സ് ഹോസ്പിറ്റല്‍ , സ്‌പോര്‍ട്‌സ് എക്‌സിബിഷന്‍, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവയെല്ലാം സമഗ്ര കായിക വികസന പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റുകള്‍ തുടര്‍ച്ചയായി നടത്തുക, കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, സ്‌പോര്‍ട്‌സ് ക്ലബുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക കുട്ടികളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ക്ക് രൂപം നല്‍കുക എന്നിവയില്‍ പ്രത്യേകമായി ഇടപ്പെടുന്നതിന് നിര്‍ദ്ദേശിക്കുന്നു. ഒളിമ്പിക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടിവി ബാലന്‍ സെക്രട്ടറി എം.അച്ചുതന്‍ മാസ്റ്റര്‍, ഡോ.എം.കെ.രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊജക്റ്റ് തയാറാക്കിയത്.