ഇരിങ്ങാലക്കുടയില്‍ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര

post

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര ആരംഭിച്ചു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ നിന്നും മലക്കപ്പാറയിലേയ്ക്ക് ആരംഭിക്കുന്ന ഒഴിവുദിന വിനോദ സഞ്ചാര യാത്രയുടെ ഫ്‌ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. ചുരുങ്ങിയ ചെലവില്‍ അവധി ദിനം ആഘോഷകരമാക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് കെഎസ്ആര്‍ടിസി ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും ഇതോടൊപ്പം ഷോപ്പിംങ്ങ് സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയല്ലാം ആരംഭിച്ച് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. 

കോവിഡ് പ്രതിസന്ധി മൂലം ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ നിന്നും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന തിരുവനന്തപുരം, കോട്ടയം സര്‍വ്വീസുകള്‍ ഒക്ടോബര്‍ 25 മുതല്‍ പുനരാരംഭിക്കുന്നതാണെന്നും നവംബര്‍ മുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

എല്ലാ ഞായറാഴ്ച്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ഇരിങ്ങാലക്കുടയില്‍ നിന്ന് മലക്കപ്പാറയിലേക്കുള്ള ബസ് സര്‍വ്വീസ് ഉള്ളത്. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ 7 മണിക്ക് യാത്ര ആരംഭിച്ച് അന്നേ ദിവസം വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാ സമയം ക്രമീകരിച്ചിട്ടുള്ളത്. 7 മണിക്ക് പുറപ്പെടുന്ന ബസിന്റെ ബോര്‍ഡിംഗ് സമയം കാലത്ത് 6.30നാണ്. ഒരു യാത്രക്കാരന് 250 രൂപയാണ് യാത്രാ നിരക്ക്. ഒരു സീറ്റിന് 10 രൂപ നിരക്കില്‍ ഡിപ്പോയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഞായറാഴ്ച്ച ദിവസങ്ങളില്‍ രണ്ട് ബസുകളും മറ്റ് പൊതുഅവധി ദിവസങ്ങളില്‍ ഒരു ബസ് വീതവുമാണ് സര്‍വ്വീസ് നടത്തുക. യാത്രക്കായി വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.