പുതിയ 202 പോലീസ് ജീപ്പുകള്‍ മുഖ്യമന്ത്രി നിരത്തിലിറക്കി

post

തിരുവവന്തപുരം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫഌഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
     202 പുതിയ ബൊലേറൊ ടൂ വീല്‍ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് വാഹനങ്ങള്‍ വാങ്ങിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. 10 കൊല്ലവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല. വാഹനങ്ങള്‍ ലഭ്യമാക്കിയ എസ് ആന്‍ഡ് എസ് മഹീന്ദ്ര കമ്പനിയുടെ സര്‍വ്വീസ് വിഭാഗം ജനറല്‍ മാനേജര്‍ ജി. സുരേഷ്, എച്ച്.ആര്‍ വിഭാഗം മേധാവി ബി.വേണുഗോപാല്‍ എന്നിവര്‍ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോല്‍ മുഖ്യമന്ത്രിക്ക് കൈമാറി.