ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട്  വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അണക്കെട്ടുകളിലെ  ജലനിരപ്പ് നിരീക്ഷിക്കുന്നതിന്   സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും. 

ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ  നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

സംസ്ഥാനത്ത്  ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.