ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒന്നിന് ഐപി തുറക്കാന്‍ തീരുമാനം

post

ഇടുക്കി : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇുക്കി മെഡിക്കല്‍ കോളേജ് ഐപി വിഭാഗം നവംബര്‍ ഒന്നിന് ആരംഭിക്കുവാന്‍ തീരുമാനിച്ചു. പുതിയ ബ്ലോക്കില്‍ സര്‍ജറി, ഓര്‍ത്തോപീഡിയോളജി ഒ.പി വിഭാഗവും ആരംഭിക്കും. നിലവില്‍ ഓഫ്തല്‍മോളജി, ഡെര്‍മറ്റോളജി  ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇവയുടെ ഐപി വിഭാഗവും ആരംഭിക്കും. ക്യാന്‍സര്‍ സ്‌ക്രീനിംഗ് സെന്റര്‍, എമര്‍ജന്‍സി മെഡിസിന്‍ യൂണിറ്റ് തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു.  പുതിയ ബ്ലോക്കിലെ സാങ്കേതിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കരാറുകാരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രീയ, എച്ച്.എം.സി അംഗങ്ങളായ സി.വി വര്‍ഗീസ്, ഷിജോ തടത്തില്‍, ആര്‍.എം.ഒ ഡോ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.