വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് പുറത്തിറങ്ങി

post

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലങ്ങള്‍ മാറ്റുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈല്‍ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് എന്ന് പേരിട്ട അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോഗിന്‍ ചെയ്യാതെ വോട്ടേഴ്സ് രജിസ്ട്രേഷന്‍ നടത്താനും ആപ്പില്‍ സൗകര്യമുണ്ട്. സാധാരണ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ ടേംസ് ആന്റ് കണ്ടീഷന്‍സ് അനുമതി നല്‍കി തുടര്‍ നടപടികളിലൂടെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോംസബ്മിഷന്‍, സ്റ്റാറ്റസ് ട്രാക്കിങ്ങ് ഇലക്ടറല്‍ സര്‍ച്ച്, കംപ്ലയിന്റ്സ് ലിങ്കുകള്‍ ഹോംസ്‌ക്രീനില്‍ ലഭിക്കും. ആപ്പിന്റെ ഹോംസ്‌ക്രീനില്‍ പോയി വോട്ടര്‍ രജിസ്ട്രേഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വോട്ടര്‍ രജിസ്ട്രേഷനുള്ള ഫോം ലഭിക്കും. ന്യൂ വോട്ടര്‍ രജിസ്ട്രേഷന്‍ റിസൈഡിങ് ഇന്ത്യ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടത്താം.

മണ്ഡലം മാറുന്നതിനായി ഷിഫ്റ്റിംഗ് ഔട്ട് സൈഡ് എസി എന്ന ഐക്കണ്‍ ഉപയോഗിക്കണം. ഹോം സ്‌ക്രീനില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ ക്ലിക്ക് ചെയ്താല്‍ ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി ലിങ്കിലൂടെ ഫോം സിക്സ് പൂരിപ്പിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹോം സക്രീനില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് കറക്ഷന്‍ ഓഫ് എന്‍ട്രീസ് ലിങ്കില്‍ ഫോം എട്ടുപയോഗിച്ച് തിരുത്തലുകള്‍ വരുത്താം. വോട്ടര്‍ രജിസ്ട്രേഷന്‍ ഐക്കണിലെ ഡിലീറ്റേഷന്‍ ലിങ്കില്‍ ഫോം സെവന്‍ വഴി പേര് നീക്കാനും സൗകര്യമുണ്ട്.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും പേര് ചേര്‍ക്കുന്നതിനും പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.