കലാലയങ്ങള്‍ വേറിട്ട വിജ്ഞാന കേന്ദ്രങ്ങളാകണം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

post

കൊല്ലം: കാലത്തിനൊത്ത് നവീകരിക്കപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി കൊല്ലം സെന്ററുമായി സഹകരിച്ച് കുടുംബശ്രീ ബാലസഭാംഗങ്ങളായ 150 പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് പദ്ധതിയുടെ ഉദ്ഘാടനം ടി.കെ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരമ്പരാഗത സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാതെ രാപകല്‍ സജീവമാകുന്ന ക്യാമ്പസുകളെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ ചെറുപ്പക്കാരെ പ്രാപ്തരാക്കുന്ന തലത്തിലേക്ക് വിദ്യാഭ്യാസ രീതി വികസിക്കണം. പേറ്റന്റ് നേടാവുന്ന കണ്ടുപിടുത്തങ്ങള്‍ വരെ സൃഷ്ടിക്കാന്‍ വേറിട്ട് ചിന്തിക്കുന്ന കലാലയങ്ങള്‍ വഴിയൊരുക്കും.  വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ സംഗമസ്ഥലമായി ക്യാമ്പസുകള്‍ മാറുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ്സുകള്‍ ഒക്ടോബര്‍ 26 മുതല്‍ 2022 ജനുവരി 30 വരെയാണ് നടത്തുക. കുടുംബശ്രീ കുടുംബങ്ങളിലെ കുട്ടികളുടെ കൂട്ടായ്മയായി 1496 ബാലസഭകളിലായി ഇരുപതിനായിരത്തോളം അംഗങ്ങളാണുള്ളത്.

എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍. അജു, ടി. കെ. എം. കോളേജ് ചെയര്‍മാന്‍ ഡോ. ഷഹാല്‍ ഹസന്‍ മുസലിയാര്‍, സിവില്‍ സര്‍വീസ് അക്കാദമി കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. എ. ഹാഷിമുദീന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചിത്ര ഗോപിനാഥ്, ട്രസ്റ്റ് അംഗം എം. ഹാറുണ്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബുനി, ജി. അരുണ്‍ കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.