മുക്കം നഗരസഭയില്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു

post

കോഴിക്കോട്: യുവതലമുറയെ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ മുക്കം നഗരസഭയിലും ആരംഭിക്കുന്നു. 18 നും 40 വയസിനും ഇടയിലുള്ള യുവതികള്‍ക്കാണ് ഓക്‌സിലറി ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുക. കുടുംബശ്രീയുടെയും നഗരസഭയുടെയും വിവിധ പദ്ധതികള്‍ യുവതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം വിവിധ  സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള വേദിയായും ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും.

ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും എ ഡി എസ് ഭാരവാഹികള്‍ക്കും പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പിടി ബാബു ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിന് നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലും ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ പറഞ്ഞു.