കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല; വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

post

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന് പൊതുസമൂഹത്തില്‍ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഗ്രൂപ്പുകള്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

സ്‌കൂള്‍, കോളേജ്, കാവുകള്‍, വ്യക്തികള്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത 30 ഗുണഭോക്താക്കള്‍ക്ക് 501 തൈകള്‍ വീതമാണ് വിതരണം ചെയ്തത്. നെല്ലി, സീതപ്പഴം, വീട്ടി, പേര, വേങ്ങ, നീര്‍മരുത്, പ്ലാവ്, മാവ്, ആര്യവേപ്പ്, തേക്ക്, ഉരുപ്പ്, ഞാവല്‍ എന്നിങ്ങനെ 19 ഇനം വൃക്ഷത്തൈകളാണ് നല്‍കിയത്. ആദ്യഘട്ടത്തില്‍ 30 ചെറുവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നാണ് വൃക്ഷത്തൈകള്‍ എത്തിച്ചത്.