യുവതികളുടെ സാമൂഹ്യ-സാമ്പത്തിക വികസനം ലക്ഷ്യം; കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു

post

മലപ്പുറം: സംസ്ഥാനത്തെ യുവതികളുടെ സാമൂഹ്യ-സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. കുടുംബശ്രീയില്‍ അംഗമല്ലാത്ത കുടുംബങ്ങളിലെ 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കു പുറമേ കുടുംബശ്രീ കുടുംബാംഗങ്ങളായ എന്നാല്‍ കുടുംബശ്രീയില്‍ അംഗത്വമില്ലാത്ത വനിതകള്‍ക്കും ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളാകാമെന്നതാണ് പ്രത്യേകത. നിലവില്‍ കുടുംബശ്രീ ബൈലോ പ്രകാരം ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമാണ് കുടുംബശ്രീയില്‍ അംഗമാകാന്‍ സാധിക്കുക. 45 ലക്ഷത്തിലേറെ കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗമാണെങ്കിലും 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ 10 ശതമാനം മാത്രമാണുള്ളത്. ഇതിന് പരിഹാരം കാണുന്നതിനും ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നതിലൂടെ സാധിക്കും.

വാര്‍ഡ് അടിസ്ഥാനത്തില്‍ പരമാവധി 50 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഒരു വാര്‍ഡില്‍ ഒരു ഗ്രൂപ്പ് വീതമാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലുപേര്‍ കൂടിയുണ്ടാകും. കുടുംബശ്രീയുടെ ജാഗ്രതാ സമിതി, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, സ്നേഹിത എന്നിവയുമായി യോജിച്ചാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുക, നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള വിദഗ്ധ പരിശീലനം സംഘടിപ്പിക്കുക, മാനസികാരാഗ്യം മെച്ചപ്പെടുത്തുക, സംരംഭക സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്.

സ്ത്രീധന-ഗാര്‍ഹിക പീഡനം ഉള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന നടപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായുള്ള ഗ്രാമ സഭകളില്‍ യുവതികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും, നൂതന ആശയങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതിനും യുവതികളുടെ കൂട്ടായ്മ വഴി ഉറപ്പാക്കാന്‍ സാധിക്കും. വാര്‍ഡ് തലത്തില്‍ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.