മുണ്ടകന്‍ കൃഷി നെല്ല് സംഭരണത്തിന് കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

post

മലപ്പുറം: ജില്ലയില്‍ 2021-22  സീസണില്‍ മുണ്ടകന്‍ കൃഷി നെല്ല്സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ അടിയന്തരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സപ്ലൈകോ റീജിയനല്‍ ഓഫീസ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍  നടത്തുന്ന സമയത്ത്  ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്  നമ്പര്‍ തുടങ്ങിയവ കൃത്യമാണോ എന്ന്  പരിശോധന നടത്തിയതിനുശേഷം മാത്രം പ്രിന്റ് എടുക്കണം. അപൂര്‍ണമായതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുമായ അപേക്ഷകള്‍ പോര്‍ട്ടലില്‍ ഗവണ്‍മെന്റിന്റെ  അംഗീകാരം ലഭിക്കാതെ വരുന്നുണ്ട്.  സംഭരണ വില ലഭിക്കാതിരിക്കാന്‍  ഇതു  കാരണമായേക്കാം. കര്‍ഷകര്‍ സംഭരണത്തിനായി നല്‍കുന്ന നെല്ല് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത ഗുണനിലവാരം ഉണ്ടെങ്കില്‍ മാത്രമേ സപ്ലൈകോ സംഭരിക്കുകയുള്ളൂ.  ഈര്‍പ്പം 17 ശതമാനത്തിനു മുകളില്‍, മറ്റിനങ്ങളുമായിട്ടുള്ള കലര്‍പ്പ്, ആറ് ശതമാനത്തിനു മുകളില്‍ കേടായത്, മുളച്ചത്, കീടബാധയേറ്റത്, നിറംമാറിയത്   ചുരുങ്ങിയത്  തുടങ്ങിയവയുള്ള നെല്ല് വ്യക്തമായ ഗുണനിലവാര പരിശോധനയ്ക്കുശേഷം  അനുവദനീയമാണെകില്‍ മാത്രമേ സംഭരിക്കുകയുള്ളൂ. പരാതികളുള്ള പക്ഷം സംഭരണം നടക്കുന്നതിന്  മുന്‍പ്  ബോധിപ്പിക്കണം.

പദ്ധതിയുടെ നിലവിലുള്ള ഭൂപരിധി ഈ  സീസണ്‍ മുതല്‍ ഒഴിവാക്കിയിട്ടുണ്ട്.  സ്വന്തമായി  ഭൂമിയുള്ള  കര്‍ഷകര്‍ക്ക്   ഭൂപരിധി നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള മുഴുവന്‍ കൃഷിസ്ഥലവും പാട്ടകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അവര്‍ കൃഷിയിറക്കിയ  മുഴുവന്‍ സ്ഥലവും രജിസ്‌ട്രേഷന്‍  നടത്താം. അതിന് ആനുപാതികമായ നെല്ല് സംഭരണത്തിന്  നല്‍കാം. നെല്ല് സംഭരണത്തിനായുള്ള അപേക്ഷകള്‍ കൃഷി ഓഫീസര്‍ ഓണ്‍ലൈനായി അംഗീകരിക്കുന്ന സാഹചര്യത്തില്‍ ഈ  സീസണ്‍ മുതല്‍   പാട്ടകര്‍ഷകര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടതില്ല.  രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ സ്വന്തമായി കൃഷിചെയ്ത നെല്ല് മാത്രമേ സംഭരണത്തിനായി നല്‍കാവൂ  എന്ന കര്‍ശന നിര്‍ദേശം  നിലവിലുണ്ട്.  സമിതിയില്‍ ഉള്‍പ്പെട്ട  മറ്റു കര്‍ഷകരുടെയും സുഹൃത്തുക്കളുടെയും നെല്ല് സംഭരണത്തിനായി നല്‍കുന്ന പക്ഷം അത് അനധികൃതമായി കണക്കാക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 2021 -22   സീസണിലെ  നെല്ലിന്റെ സംഭരണവില  കിലോയ്ക്ക് 28 രൂപയാണ്.   കര്‍ഷകര്‍ക്ക് അനുവദനീയമായ കയറ്റിറക്കുകൂലി  ക്വിന്റലിന് 12 രൂപയും നെല്ലിന്റെ  പണത്തോടൊപ്പം തന്നെ നല്‍കും. ഒരു കിലോയ്ക്ക് 28.12 രൂപയാണ് സംഭരിച്ച നെല്ലിന് കര്‍ഷകന് ലഭിക്കുക. സംഭരണസമയത്തു വരുന്ന കയറ്റിറക്കു ചെലവ്  പൂര്‍ണമായും കര്‍ഷകര്‍ വഹിക്കണം. ഫോണ്‍: 9497714802, 9446089784.