കെ.എസ്.ആര്‍.ടി.സി സമരത്തിന് ന്യായീകരണമില്ല; മന്ത്രി ആന്റണി രാജു

post

തിരുവനന്തപുരം : പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെ.എസ്.ആര്‍.ടി.സി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം സമര രീതികള്‍ ആവര്‍ത്തിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വീസുകളുടെ പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാസം തോറും 150 കോടിയോളം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസംതോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.

ഇപ്പോള്‍ തന്നെ ശമ്പളത്തിനും പെന്‍ഷനും സര്‍ക്കാരിനെ ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി സംഘടനകള്‍ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകള്‍ സ്വീകരിച്ചത്. കോവിഡ് കാലഘട്ടത്തില്‍ വരുമാനവും ജീവിതമാര്‍ഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകള്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.