എന്റെ ജില്ല മൊബൈൽ ആപ്പ് കൂടുതൽ ജനകീയമാക്കും

post

എറണാകുളം: സർക്കാർ സേവനങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ എന്റെ ജില്ല മൊബൈൽ ആപ്പ് കൂടുതൽ പൊതു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കാര്യക്ഷമമാക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളുടെ വിവരങ്ങളും ഫോൺ നമ്പറുകളും ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. 

ജില്ലയിലെ 1580 സർക്കാർ ഓഫീസുകളിൽ 1330 ഓഫീസുകളുടെ വിവരങ്ങൾ നിലവിൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ജില്ലയിലെ വിവിധ സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ ആപ്ലിക്കേഷനിലൂടെ വിവിധ സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള 551 വിലയിരുത്തലുകൾ ലഭ്യമായിട്ടുണ്ട്. ഇവയിൽ 260 ഫൈവ് സ്റ്റാർ റിവ്യൂകളും 41 ഫോർ സ്റ്റാർ റിവ്യൂകളും 110 വൺ സ്റ്റാർ റിവ്യൂകളും ഉൾപ്പെടുന്നു.

സർക്കാർ ഓഫീസുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിലയിരുത്തും. മൊബൈൽ ആപ്പ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾക്കും ജില്ലയിൽ രൂപം നൽകിയിട്ടുണ്ട്.