പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും
പാലക്കാട് : പാതിവഴിയില്‍ നിര്‍മാണം നിലച്ചുപോയ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും.
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍, സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ആവശ്യമായ അംഗീകാരങ്ങള്‍ ഉടന്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെടുത്തത്. പാലക്കാട് വിക്ടോറിയ കോളേജിനടുത്ത് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയ 2.44 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം നടക്കുന്നത്.
2010 ജനവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 2010 മെയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ച്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കി.2010-11 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂന്ന് കോടി രൂപ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വകയിരുത്തിയെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് നിര്‍മാണം സ്തംഭിച്ചത്. അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ 2021 മാര്‍ച്ച് ഒന്നിന് 10 .81 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ മന്ദഗതിയിലായി.
ഇതേ തുടര്‍ന്നാണ് സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെയും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ കൃഷ്ണന്‍കുട്ടിയുടെയും സാന്നിധ്യത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് യോഗം വിളിച്ചു ചേര്‍ത്തത്.
ടെണ്ടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, ഫയര്‍-സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിച്ച് വരുത്തേണ്ട ചില മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കും.
ഇതിനായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു. പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കെ. പ്രേംകുമാര്‍ എം എല്‍ എ, പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി. ആര്‍. അജയന്‍, സ്പോര്‍ട്സ് വകുപ്പിലെയും കിഫബിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.