നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകള്‍ സംരക്ഷിക്കുന്ന ഭൂവടമകള്‍ക്കായി റോയല്‍റ്റി പദ്ധതി

post

മലപ്പുറം: നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തുകയും കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഉടമകള്‍ക്കായി സര്‍ക്കാരിന്റെ റോയല്‍റ്റി പദ്ധതി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വിവിധ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ പരിരക്ഷിക്കുന്നതിനും ഭൂഗര്‍ഭ ജലം കുറയാതെ നിലനിര്‍ത്തുന്ന പ്രകൃതിദത്ത ജലസംഭരണിയുമായ നെല്‍വയലുകളുടെ സംരക്ഷകരായ ഉടമകള്‍ക്കാണ് ഹെക്ടറിന് 2,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുക. പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തോടൊപ്പം ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനവുമാണ് റോയല്‍റ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂവുടമകളെക്കൂടാതെ വിള പരിക്രമത്തിന്റെ ഭാഗമായി പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. നിലവില്‍ നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ, മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും റോയല്‍റ്റി അനുവദിക്കുന്നതാണ്.

പദ്ധതിപ്രകാരമുളള ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എ.ഐ.എം.എസ് (AIMS) പോര്‍ട്ടല്‍ മുഖേന നല്‍കുന്നതാണ്. റോയല്‍റ്റിക്കുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്.