ഇനി ജില്ലാപോലീസിന് പുതിയ 17 വാഹനങ്ങള്‍

post

ഇടുക്കി : ജില്ലയില്‍ പോലീസ് സ്റ്റേഷനുകളില്‍ പുതിയ 17 വാഹനങ്ങള്‍ കൂടി എത്തി. എല്ലാ സ്റ്റേഷനുകള്‍ക്കും രണ്ട് വാഹനങ്ങള്‍ വീതം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ  202 സ്റ്റേഷനുകള്‍ക്കാണ് പുതിയ വാഹനങ്ങള്‍  അനുവദിച്ചത്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച  പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ 17 സ്റ്റേഷനുകള്‍ക്ക് വാഹനം നല്‍കി.സേന ഉപയോഗിക്കുന്ന പത്ത് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. മഹീന്ദ്രയുടെ  ബൊലേറോ ജീപ്പുകളാണ് നിരത്തിലിറക്കിയത്. ടൂ വീല്‍ ഡ്രൈവ് ജീപ്പുകളാണിവ.  ഓരോ വണ്ടിക്കും ആറുലക്ഷത്തി എഴുപതിനായിരം രൂപ ചിലവുണ്ട്. നിലവില്‍ ഉള്ള വാഹനങ്ങളെ അപേക്ഷിച്ചു മൈലേജ് കൂടുതല്‍ ലഭിക്കും.

ഇടുക്കി എ.ആര്‍ ക്യാമ്പില്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി കെ മധു നിര്‍വഹിച്ചു. പരിപാടിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്  ഡിവൈഎസ്പി പയസ് ജോര്‍ജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ സലാം, ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ്, എസ്‌ഐ ഡെന്നി കെവി, മോട്ടോര്‍ വകുപ്പ് ഓഫീസര്‍ ജിജിമോന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.