ശബരിമല തീര്‍ത്ഥാടനം; ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സുഭിക്ഷ ഹോട്ടലുകള്‍

post

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താനായി കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഭക്ഷ്യ-പൊതുവിതരണ-ലീഗല്‍ മെട്രോളജി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

രണ്ടു ജില്ലകളിലും സ്ഥലം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പെരുനാട്, പന്തളം എന്നിവിടങ്ങളില്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ശബരിമല തീര്‍ത്ഥാടവുമായി ബന്ധപ്പെട്ട് ഭക്ഷണസാധനങ്ങളുടെ വില അവശ്യസാധന നിയമപ്രകാരം ഏകീകൃത നിരക്കില്‍ നിശ്ചയിച്ചിട്ടുണ്ട്. ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച ചെയ്താണ് നിരക്ക് നിശ്ചയിച്ചത്. ഭക്ഷണസാധനങ്ങളുടെ വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ഗുണനിലവാരവും അളവും തൂക്കവും വിലയും ശുചിത്വവും പരിശോധിക്കുന്നതിന് സ്‌ക്വാഡുകളെ നിയോഗിച്ചു. പെട്രോള്‍ പമ്പുകളിലടക്കം പരിശോധനകള്‍ നടത്തും. അളവുതൂക്ക ഉപകരണങ്ങളില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. 

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ താലൂക്ക്, ജില്ലാ ഓഫീസുകളില്‍ പരാതികള്‍ പരിഹരിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പമ്പ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ ഭക്ഷണപരിശോധന ലാബുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്തും പമ്പയിലും ഭക്ഷണപരിശോധന ലാബ് പ്രവര്‍ത്തിക്കും. നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും ഭക്ഷ്യ-പൊതുവിതരണ-ലീഗല്‍ മെട്രോളജി-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പരിശോധന സ്‌ക്വാഡുകളെ നിയോഗിക്കും. തീര്‍ത്ഥാടകര്‍ക്ക് നിശ്ചയിച്ച നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

തീര്‍ത്ഥാടകര്‍ക്ക് ന്യായമായ വിലയില്‍ സുരക്ഷിതമായ ഭക്ഷണം കൃത്യമായ അളവില്‍ ലഭ്യമാക്കാന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ. പറഞ്ഞു. 

ജില്ലാ കളക്ടര്‍മാരായ ഡോ. പി.കെ. ജയശ്രീ, ഡോ. ദിവ്യ എസ്. അയ്യര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.റ്റി. വര്‍ഗീസ് പണിക്കര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരായ ജിനു പുന്നൂസ്, ഷൈജു പി. ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസര്‍മാരായ ജലജ ജി.എസ്. റാണി, സി.വി. മോഹന്‍ കുമാര്‍, എ.കെ. സതീഷ് കുമാര്‍, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം. സഫിയ, ഇ.പി. അനില്‍കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിലവിലുള്ള ഭക്ഷണസാധനങ്ങളുടെ നിരക്കിനു പുറമേ പുതുതായി നിശ്ചയിച്ച നിരക്കുകള്‍  

ചായ(മെഷീന്‍ 90 മില്ലീ ലിറ്റര്‍) 9 രൂപ (സന്നിധാനം) 8 രൂപ (പമ്പ) 8 രൂപ (പമ്പയ്ക്കു വെളിയില്‍)

കോഫി (മെഷീന്‍ 90 മില്ലീ ലിറ്റര്‍) 10 രൂപ (സന്നിധാനം) 9 രൂപ (പമ്പ) 9 രൂപ (പമ്പയ്ക്കു വെളിയില്‍)

മസാല ചായ (മെഷീന്‍ 90 മില്ലീ ലിറ്റര്‍) 17 രൂപ (സന്നിധാനം) 16 രൂപ (പമ്പ) 15 രൂപ (പമ്പയ്ക്കു വെളിയില്‍)

ലെമണ്‍ ചായ(മെഷീന്‍ 90 മില്ലീ ലിറ്റര്‍) 17 രൂപ (സന്നിധാനം) 16 രൂപ (പമ്പ) 15 രൂപ (പമ്പയ്ക്കു വെളിയില്‍)

ഫ്ളേവേര്‍ഡ് ഐസ് ചായ(മെഷീന്‍ 200 എം.എല്‍.) 22 രൂപ (സന്നിധാനം) 21 രൂപ (പമ്പ) 20 രൂപ (പമ്പയ്ക്കു വെളിയില്‍)