ഇടുക്കിയില്‍ വെയ്റ്റ്‌ലിഫ്റ്റിങിന് അനന്ത സാധ്യതകളെന്നു മന്ത്രി റോഷി അഗസ്റ്റിന്‍

post

ഇടുക്കി : ജില്ലയില്‍ വെയ്റ്റ്‌ലിഫ്റ്റിങിന് അനന്ത സാധ്യതകളാണുള്ളതെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ഇടുക്കി ജില്ലക്കു വേണ്ടി സംസ്ഥാന അസോസിയേഷന്‍ അനുവദിക്കുന്ന വെയ്റ്റ് ലീഫ്റ്റിങ് അക്കാഡമിക്കും ഖേലോ ഇന്ത്യാ പ്രോജക്ടിനും എല്ലാ വിധ സഹായ സഹകരണവും നല്‍കുമെന്ന്  മന്ത്രി വാഗ്ദാനം ചെയ്തു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ - സംസ്ഥാന അസോസിയേഷനുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 ചടങ്ങില്‍ കലാകായിക സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ ഔസേഫ് ജോണ്‍ പുളിമൂട്ടില്‍, സംസ്ഥാന അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, സംഘടക സമിതി അംഗങ്ങള്‍, കായിക മേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരെയും മന്ത്രി ആദരിച്ചു.

ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് എം.എന്‍. ബാബു ചടങ്ങില്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.ബാലകൃഷ്ണന്‍, പ്രസിഡന്റ് കെ. ശ്രീനാഥ്, ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തോംസണ്‍ ജോസഫ്, ജില്ലാ ബേസ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, ഇടുക്കി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എന്‍. സുരേഷ് , കേരള ആം റെസ്ലിംഗ് അസോസിയേഷന്‍ വൈസ് - പ്രസിഡന്റ് മനോജ് കൊക്കാട്ട്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, മുനിസിപ്പല്‍ ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ സണ്ണി മണര്‍കാട്ട്, ന്യൂമാന്‍ കോളേജ് കായിക വിഭാഗം  മേധാവി എബിന്‍ വിത്സണ്‍, ഒളിമ്പിക് വേവ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എസ്. ഭോഗീന്ദ്രന്‍, ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്‍ സെക്രട്ടറി പി.ആര്‍. രതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.